Maha Kumbh 2025:മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി തീർത്ഥാടകർ; ഇതുവരെ എത്തിയത് 64 കോടി പേർ

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി തീർത്ഥാടകർ; ഇതുവരെ എത്തിയത് 64 കോടി പേർ

February 26, 2025 0 By eveningkerala

ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ശിവരാത്രി ദിനത്തോടനുബന്ധിച്ച് ത്രിവേണീ സംഗമത്തിൽ നടക്കുന്ന സ്നാനത്തോടെയാണ് സമാപനമാകുക.

കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി പുണ്യം തേടി പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ 64 കോടി പേരാണ് കുംഭമേളയ്ക്ക് എത്തിയത് എന്നാണ് കണക്ക്. ഇന്ന് ഏകദേശം രണ്ട് കോടി തീര്‍ത്ഥകാരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. ഇതോടെ കുംഭമേളയ്ക്ക് എത്തിയവരുടെ എണ്ണം 66 കോടി കവിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

രാവിലെ മുതൽ വൻ ഭക്തജനത്തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. പുലർച്ചെ മുതലെ അമൃത സ്നാനം ആരംഭിച്ചു. ഇത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് യുപി സർക്കാർ അറിയിച്ചു. മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം.

തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ്‍രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 15,000ല്‍പ്പരം ശുചീകരണ തൊഴിലാളികള്‍ പങ്കെടുത്ത ശുചീകരണ യജ്ഞം നടത്തി. ശൂചീകരണ യജ്ഞങ്ങളില്‍ ഇത് ലോക റെക്കോര്‍ഡാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള ജനുവരി 13ലെ പൗഷ് പൗർണമി ദിവസമാണ് ആരംഭിച്ചത്. മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്‌നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്‌നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്‌നാനം), മാകി പൂര്‍ണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളില്‍ അമൃതസ്‌നാനം നടന്നു.