
‘8 ജെ’ യിൽ ഇനി ആ പുഞ്ചിരിയില്ല ; അഫ്സാനെയോർത്ത് നീറുന്ന നോവിൽ അധ്യപികമാരും സഹപാഠികളും
February 26, 2025തിരുവനന്തപുരം: തിങ്കളാഴ്ച പരീക്ഷയുണ്ടായിരുന്നു. ഇനിയുള്ളത് 28 നാണ്. ആ പരീക്ഷയെഴുതാൻ പക്ഷേ, അഫ്സാൻ വരില്ല. സഹോദരന്റെ ക്രൂരതക്കിരയായി ജീവൻ പൊലിഞ്ഞ കുരുന്നിനെയോർത്ത് കണ്ണീരണിയുകയാണ് അധ്യപികമാരും സഹപാഠികളും. തിങ്കളാഴ്ച വൈകീട്ട് പരീക്ഷയും കഴിഞ്ഞ് സന്തോഷത്തോടെയാണ് അവൻ വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ, നേരം പുലരുമ്പോഴേക്കും ആദരാഞ്ജലി നേർന്നുള്ള ബോർഡാണ് സ്കൂൾ കവാടത്തിലുയർന്നത്.
വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 8 ജെ ക്ലാസ് മുറി ഇപ്പോൾ പരീക്ഷക്കായി റോൾ നമ്പറെഴുതി മുഖം മാറിയിട്ടുണ്ടെങ്കിലും എല്ലാവരുടെയും മനസ്സിൽ അഫ്സാന്റെ ചിരിക്കുന്ന മുഖമാണ്. തന്റെ ക്ലാസിൽ ഇനിയാ പുഞ്ചിരി നിറയില്ലെന്ന് വിശ്വസിക്കാൻ ക്ലാസ് അധ്യാപിക സ്മിതക്ക് കഴിയുന്നില്ല. വലിയ ബഹളങ്ങളില്ല. എല്ലാവരോടും സൗഹൃദം. എപ്പോഴും ചിരിക്കുന്ന മുഖം. അലർജിയുടെ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചില ദിവസങ്ങളിൽ അവധിയെടുക്കും. ആ ദിവസങ്ങളിൽ ഉമ്മ ഫോണിൽ വിളിച്ച് അവധി പറയും.
ചൊവ്വാഴ്ച സ്കൂളിൽ ഐ.ടി ഫെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. പ്രോഗ്രാം ചാർജുള്ളതുകൊണ്ട് മുന്നൊരുക്കങ്ങൾ കാരണം താനും മറ്റു മൂന്ന് അധ്യാപികമാരും വൈകീട്ട് ആറരയോടെയാണ് സ്കൂളിൽ നിന്ന് പോയതെന്ന് സ്മിത ടീച്ചർ പറയുന്നു. വീട്ടിലെത്തിയശേഷം ചൊവ്വാഴ്ചയിലെ പരിപാടിക്ക് പങ്കെടുക്കാനുള്ള കുട്ടികൾക്കെല്ലാം സന്ദേശമയച്ചു. അപ്പോഴാണ് സ്കൂളിൽ നിന്ന് മറ്റൊരു അധ്യാപകൻ വിളിച്ച് വിവരം പറയുന്നത്. കുട്ടിയുടെ പഴയ ഒരു ഫോട്ടോയാണ് അയച്ചു കിട്ടിയത്. തിരിച്ചറിയാൻ ആദ്യമൊന്ന് പ്രയാസപ്പെട്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയായിരുന്നെന്നും കണ്ണീരടക്കാനാകാതെ ടീച്ചർ പറഞ്ഞ് പൂർത്തിയാക്കുന്നു.
വൈകീട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം അനിയനെയും കൂട്ടി അഫാൻ ബൈക്കിൽ പുറത്തേക്ക് പോയത് കണ്ടതായി സമീപവാസി പറയുന്നു. അരമണിക്കൂറിനു ശേഷം അനിയൻ അഫ്സാൻ ഒറ്റക്ക് ഓട്ടോയിലാണ് തിരിച്ചുവന്നത്. ഏകദേശം അഞ്ചരമണിയായിട്ടുണ്ടാകും. കൈയിൽ ഒരു കവറുണ്ടായിരുന്നു. ഇഷ്ട ഭക്ഷണമായ കുഴിമന്തി ജ്യേഷ്ഠൻ വാങ്ങി നൽകിയതാകാം. പിന്നീട്, പൊലീസ് ജീപ്പ് അങ്ങോട്ട് കയറി പോകുന്നതാണ് പരിസരവാസികൾ കാണുന്നത്. അനിയന്റെ തോളിൽ കൈയിട്ട് കുശലം പറഞ്ഞ് നടന്നുപോകുന്ന സഹോദരങ്ങളെയാണ് കണ്ടിട്ടുതെന്നാണ് പരിസരവാസികൾ പറയുന്നത്.
നീറുന്ന നോവിൽ വിടചൊല്ലി നാട്
പേരുമലയിൽ ജീവന് പൊലിഞ്ഞ അഞ്ചുപേർക്കും നീറുന്ന നോവുഭാരത്താൽ വിടചൊല്ലി നാട്. അഫാന്റെ പിതൃമാതാവ് സല്‍മാ ബീവി, സഹോദരന് അഫ്സാന്, പിതൃസഹോദരന് അബ്ദുല്‍ ലത്തീഫ്, ഭാര്യാ ഷാഹിദാ ബീവി, എന്നിവരുടെ മൃതദേഹങ്ങൾ താഴെ പാങ്ങോട് മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. സുഹൃത്ത് ഫർസാനയുടെ മൃതദേഹം ചിറയിന്‍കീഴ് കാട്ടമുറാക്കല് ജമാഅത്ത് ഖബര്‍സ്ഥാനിലും. വൈകാരികമായിരുന്നു എല്ലായിടത്തെയും സ്ഥിതി. കണ്ണീരോടെയായിരുന്നു അവസാന യാത്രാമൊഴിയും.
ഫർസാനയുടെ പോസ്റ്റ്മോർട്ടം നടപടികളാണ് ആദ്യം പൂർത്തിയായത്. തുടർന്ന് വൈകീട്ട് മൂന്നരയോടെ മുക്കുന്നൂരുള്ള വീട്ടിലെത്തിച്ചു. ഇവിടെ രാവിലെ മുതൽ ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളുമടക്കം വലിയ ജനാവലിയാണ് ഉണ്ടായിരുന്നത്. വീട്ടിനുള്ളിലെ ഹാളിൽ അരമണിക്കൂറായിരുന്നു പൊതുദർശനം. പിന്നീട് ഖബറടക്കത്തിനായി പിതാവിന്റെ മഹല്ലായ കാട്ടുമുറാക്കല്‍ ജമാഅത്തിലേക്ക് കൊണ്ടുപോയത്.
അഫ്സാന്റെ മൃതദേഹം പേരുമല ജങ്ഷനിൽ പൊതുദർശനത്തിന് വെച്ചു. കുരുന്നിനെ അവസാനമായി കാണാൻ വലിയ ജനാവലിയാണ് ഇവിടെ ഉണ്ടായിരുന്നത്. പൊതുദർശനമുണ്ടെന്നറിഞ്ഞ് ഏറെ നേരം ഇവിടെ ആളുകൾ കാത്തുനിന്നിരുന്നു. ഇവിടെ പ്രാർഥനയും നമസ്കാരവും നടന്നു.
ലത്തീഫ്, ഷാഹിദാ ബീവി എന്നിവരുടെ മൃതദേഹങ്ങള്‍ ചുള്ളാളം എസ്.എന്‍ പുരത്തുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴും മൃതദേഹം കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും വന്‍ ജനാവലി എത്തി. ഫര്‍സാന ഒഴികെ ഉള്ളവരുടെ മൃതദേഹങ്ങൾ വൈകീട്ട് അഞ്ചോടെ പാങ്ങോട് ജമാഅത്ത് മദ്റസ ഹാളില്‍ വീണ്ടും പൊതു ദര്‍ശനത്തിനെത്തിച്ചു. മുത്തശ്ശിയുടെയും മകന്റെയും പേരമകന്റെയും മരുമകളുടെയും ചേതനയറ്റ ശരീരങ്ങൾക്ക് മുന്നിൽ വിതുമ്പുകയായിരുന്നു ബന്ധുക്കൾ. പൊതുദർശന ശേഷം മൃതദേഹങ്ങൾ പാങ്ങോട് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.