
മൂന്ന് പേരെ കൊന്ന ശേഷം അഫാൻ ബാറിൽ പോയി മദ്യപിച്ചു; വീട്ടിലെത്തി അനിയനേയും കാമുകിയേയും കൊലപ്പെടുത്തി
February 26, 2025തിരുവനന്തപുരം: മൂന്ന് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാൻ ബാറിൽ പോയി മദ്യപിച്ചു. വെഞ്ഞാറമൂടിലെ ബാറിലെത്തിയാണ് അഫാൻ മദ്യപിച്ചത്. 10 മിനിറ്റ് സമയം ചെലവഴിച്ചതിന് ശേഷമാണ് ബാറിൽ നിന്നും അഫാൻ മടങ്ങിയത്.
വീട്ടിലേക്ക് കൊണ്ടുപോകാനും അഫാൻ മദ്യം വാങ്ങി. വീട്ടിലെത്തി ഫർസാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു. അതേസമയം, അഫാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടേയും ഉമ്മയുടേയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് നൽകി. ഇതിനൊപ്പം അഫാന്റെ ഗൂഗ്ൾ ഹിസ്റ്ററിയും പരിശോധിക്കും.
ഏറെ നാളുകളായി കുടുംബം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇതിനെ കുറിച്ച് ഗൂഗ്ളിൽ സെർച്ച് ചെയ്തുവെന്നായിരുന്നു അഫാന്റെ മൊഴി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോണുകൾ പരിശോധിക്കുന്നത്.
അതേ സമയം, ആശുപത്രിയിൽ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാൻ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. രാത്രി മെഡിക്കൽ കോളജിൽ എത്തിയെങ്കിലും മൊഴി എടുക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല അഫാൻ. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയും വെഞ്ഞാറമൂട് സി.ഐയുമാണ് രാത്രി ഏട്ടരയോടെ മെഡിക്കൽ കോളേജിൽ എത്തിയത്.