
കേരളത്തിൽ നാലു ലക്ഷം പേരിൽ കാൻസർ സ്ക്രീനിങ്; 78 പേർക്ക് രോഗം,22,605 പേർക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന
March 1, 2025തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ കാൻസർ പ്രതിരോധ കാമ്പയിനിൽ 78 പേരിൽ രോഗം കണ്ടെത്തി. 22,605 പേർക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കാൻസർ പ്രതിരോധ കാമ്പയിനിൽ 4,22,330 പേരിലാണ് സ്ക്രീനിങ് നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
3,85,776 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോയെന്നറിയാന്‍ സ്‌ക്രീനിങ് നടത്തി. ഇതില്‍ 12,450 പേരെ സ്തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. 2,79,889 പേരെ ഗര്‍ഭാശയഗളാര്‍ബുദത്തിന് സ്‌ക്രീന്‍ ചെയ്തു. 10,772 പേരെ തുടര്‍ പരിശോധനയ്ക്കായും 2,14,118 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 1,267 പേരെ തുടര്‍ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടതിതലാണ് രോഗം കണ്ടെത്തിയത്. അതിനാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.
സംസ്ഥാനത്തെ 1,398 സര്‍ക്കാര്‍ ആശുപത്രികളിൽ സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍, അംഗൻവാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, ടെക്നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു.