വിദ്യാർഥികൾ തർക്കം തുടങ്ങിയത് ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനിടെ; നിരന്തര പ്രകോപനം, ദിവസങ്ങൾക്ക് ശേഷം വീണ്ടും ഏറ്റുമുട്ടൽ

വിദ്യാർഥികൾ തർക്കം തുടങ്ങിയത് നൃത്തത്തിനിടെ പാട്ട് നിന്നതിനെ കളിയാക്കിയതിനെ തുടർന്ന് ;; നിരന്തര പ്രകോപനം, ദിവസങ്ങൾക്ക് ശേഷം വീണ്ടും ഏറ്റുമുട്ടൽ

February 28, 2025 0 By eveningkerala

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി പത്താംക്ലാസുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ തർക്കം തുടങ്ങിയത് സ്വകാര്യ ട്യൂഷൻ കേന്ദ്രത്തിലെ ഫെയർവെൽ പരിപാടിക്കിടെ. അധ്യാപകർ ഇടപെട്ട് വാക്കേറ്റം ഒഴിവാക്കിയ സംഭവമാണ് പിന്നീട് വാട്സാപ്പിലൂടെയും മറ്റുമുള്ള നിരന്തര പ്രകോപനങ്ങളെ തുടർന്ന് വളർന്നത്. പിന്നാലെ, ഇന്നലെ ഇരു സ്കൂളിലെയും വിദ്യാർഥികൾ ട്യൂഷൻ സെന്‍ററിനരികിൽ സംഘടിച്ചെത്തി ഏറ്റുമുട്ടുകയായിരുന്നു. എളേറ്റിൽ വട്ടോളി എം.ജെ.എച്ച്.എസ്.എസ് വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് സ്കൂളിലെ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു താമരശ്ശേരിയിലെ ട്യൂഷൻ സെന്‍ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി നടന്നത്. പരിപാടിയിൽ എളേറ്റിൽ വട്ടോളിയിലെ സ്കൂളിലെ വിദ്യാർഥിയുടെ ഡാൻസിനിടെ പാട്ട് നിന്നുപോയതിനെ തുടർന്ന് താമരശ്ശേരിയിലെ സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു. ഇതോടെ, ഇരു സ്കൂളിലെ കുട്ടികളും തമ്മിൽ തർക്കമായി. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റി രംഗം ശാന്തമാക്കി.

എന്നാൽ, വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രകോപനം തുടർന്ന ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്‍ററിന് സമീപം സംഘടിച്ചെത്തി ഏറ്റുമുട്ടി. സംഘർഷത്തിൽ എളേറ്റിൽ വട്ടോളി സ്കൂളിലെ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരനാണ് തലക്ക് സാരമായി പരിക്കേറ്റത്.

വീട്ടിലെത്തി തളർന്നു കിടന്ന കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഏറ്റുമുട്ടലിനെ കുറിച്ച് അറിഞ്ഞത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവം പൊലീസ് അന്വേഷിക്കുകയാണ്.