
കേരളത്തില്‍ തല്‍ക്കാലം നേതൃമാറ്റമില്ല; കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും
March 1, 2025തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമില്ല. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും. ഹൈക്കമാന്‍ഡ് നേതൃയോഗത്തില്‍ സംസ്ഥാനത്തെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. നേതൃമാറ്റം ചര്‍ച്ചയായില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പല തരത്തിലുള്ള അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.
രാഷ്ട്രീയ വിഷയങ്ങളില്‍ സംസ്ഥാനത്ത് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ നിരീക്ഷണമുണ്ടാകും. കെപിസിസിയില്‍ പുനഃസംഘടനയില്ലെങ്കിലും പരാതികളുള്ള ഡിസിസികളില്‍ അഴിച്ചുപണിയുണ്ടായേക്കും. ഹൈക്കമാന്‍ഡ് യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
യോഗത്തില്‍ താന്‍ വികാരാധീനനായെന്ന റിപ്പോര്‍ട്ടുകള്‍ സുധാകരന്‍ നിഷേധിച്ചു. ചര്‍ച്ചയുടെ ഉള്ളടക്കം പോലും അറിയാത്ത ചില മാധ്യമങ്ങള്‍ അവാസ്തവമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ചര്‍ച്ചകളാണ് നടന്നതെന്നും, കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി ഊര്‍ജ്ജസ്വലതയോടെ നയിക്കുക എന്നതായിരുന്നു യോഗത്തിലെ തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.
താന്‍ വികാരാധീതനായെന്നും തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം നേതൃതലത്തില്‍ നടന്നുവെന്ന് താന്‍ പറഞ്ഞതായുമുള്ള മാധ്യമ റിപ്പോര്‍ട്ടിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. താന്‍ ചിന്തിക്കാത്ത കാര്യമാണ് വാര്‍ത്തയായി വന്നതെന്നും, പാര്‍ട്ടിയുടെ ഐക്യത്തിന് എതിരായി ഒരു നേതാവും യോഗത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. തെറ്റായ മാധ്യമപ്രവര്‍ത്തനശൈലിയെ അപലപിക്കുന്നുവെന്നും, മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.