'ഇടക്കിടക്ക് ​'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന് വിളിച്ചതുകൊണ്ട് മാത്രം യാഥാർഥ്യം മനസിലാകില്ല​'; നിയമസഭയിൽ ചെന്നിത്തലക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും

March 3, 2025 0 By eveningkerala

തിരുവനന്തപുരം: അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തല അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംസ്ഥാനത്തെ അതിക്രമങ്ങളെ കുറിച്ചും ലഹരി വ്യാപനത്തെ കുറിച്ചുമുള്ള ചർച്ചക്കിടെ ചെന്നിത്തല പലവട്ടം മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപിച്ചത്. സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരുക്കുന്ന അക്രമങ്ങളിൽ സർക്കാറിന്റെ നിസ്സംഗതയെ കുറിച്ചും ചെന്നിത്തല പ്രമേയത്തിൽ അക്കമിട്ട് നിരത്തിയിരുന്നു.

കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ ലഹരിയുടെ ഒഴുക്കും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി സർക്കാറാണെന്നും വിമർശനമുയർന്നു.

സമീപ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ എന്താണ് നമ്മെ പഠിപ്പിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ടി.പി. ചന്ദ്രശേഖരൻ വധത്തെ കുറിച്ചും ചെന്നിത്തല സഭയിൽ എടുത്തുപറഞ്ഞു. ടി.പി കേസ് പ്രതികൾക്ക് വ്യാപകമായി പരോൾ നൽകി. കാപ്പ കേസിലെ പ്രതിയെ മാലയിട്ട് മുദ്രാവാക്യം വിളിക്കുന്ന മന്ത്രിയെ കണ്ട് കേരളം ലജ്ജിച്ചു തലതാഴ്ത്തി. നവീൻ ബാബു വിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യ ജയിൽ മോചിതയായപ്പോൾ പാർട്ടി സെക്രട്ടറിയുടെ ഭാര്യയുൾപ്പെടെ ജയിലിന് പുറത്ത് സ്വീകരിക്കാനെത്തി. കൃപേഷ്, ശരത് ലാൽ വധക്കേസുകളിലെ പ്രതികളെ മാലയിട്ട് ഓപൺ ജയിലിൽ സ്വീകരണം നൽകുന്നു. ​’മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്തു സന്ദേശമാണ് നിങ്ങൾ ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. തുടർന്ന് ചെന്നിത്തല പറയുന്നത് അനാവശ്യ കാര്യങ്ങളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.

മിസ്റ്റർ, ചീഫ് മിനിസ്റ്റർ എന്നു വിളിച്ച് ചെന്നിത്തല കുറെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനായി എഴുന്നേറ്റത്. ഓരോന്നിനും ഇടക്കിടെ ഉത്തരം പറയണമെങ്കിൽ അതാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാഥാർഥ്യം മനസിലാക്കണമെന്നും ഇടക്കിടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ചാൽ മാ​ത്രം പോര, നാടിന്റെ പ്രശ്നം മനസിലാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനു പിന്നാലെ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി ഇത്രക്ക് അസഹിഷ്ണുത കാണിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. പിന്നാലെ ചെന്നിത്തലയെ വിമർശിച്ച് മന്ത്രിമാരും രംഗത്തെത്തുകയായിരുന്നു. എന്നാൽ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിക്കുന്നത് അണ്‍പാര്‍ലമെന്ററി അല്ലെന്നും പാർലമെന്റിൽ പ്രധാനമന്ത്രിയെ മിസ്റ്റർ പ്രൈംമിനിസ്റ്റർ എന്ന് വിളിക്കാറുണ്ടെന്നും ചെന്നിത്തല ന്യായീകരിച്ചു.