റഹീമി​ന്റെ കേസ്​ ഒമ്പതാം തവണയും മാറ്റിവെച്ചു; അടുത്ത സിറ്റിങ് മാർച്ച്​ 18ന്

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന റഹീമി​ന്റെ കേസ്​ ഒമ്പതാം തവണയും മാറ്റിവെച്ചു

March 3, 2025 0 By eveningkerala

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല.

കോടതി റിയാദ്​ ഗവർണറേറ്റിനോട്​ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കേസ് ഫയലി​ന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്​. അത്​ ലഭ്യമാക്കിയശേഷമായിരിക്കും അടുത്ത സിറ്റിങ്​. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമി​ന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. അടുത്ത സിറ്റിങ് മാർച്ച്​ 18 രാവിലെ 11നാണ്.

. ഒമ്പതാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​. തിങ്കളാഴ്​ച രാവിലെ​ 10ന് തുടങ്ങിയ​​ ഓൺലൈൻ സിറ്റിങ്​​ ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തു.

ഫെബ്രുവരി 13നായിരുന്നു കഴിഞ്ഞ സിറ്റിങ്​. ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ വധശിക്ഷ കോടതി അഞ്ച്​ മാസം മുമ്പ്​ ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്​​. റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​ന്റെ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക്​ കടന്നു. പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ്​ വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്​ദുൽ റഹീമിന്​ അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച്​ മോചനം നൽകാനാണ്​ സാധ്യത.

എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ്​ അബ്​ദുൽ റഹീമി​ൻറയും ലോകമലയാളികളുടെയും കാത്തിരിപ്പ്​. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ്​ ലോകവ്യാപകമായി മലയാളികൾ ചേർന്ന്​ പിരിച്ച്​ നൽകിയത്​. അങ്ങനെ സമാഹരിച്ച പണമാണ്​ മരിച്ച സൗദി ബാല​ൻറ കുടുംബത്തിന് ദിയാധനമായി നൽകിയത്​. അതിനെ തുടർന്നാണ്​ അവർ മാപ്പ്​ നൽകിയതും കോടതി വധശിക്ഷ റദ്ദ് ചെയ്​തതും. ഇത്​ പ്രൈവറ്റ്​ റൈറ്റ്​ പ്രകാരമുള്ള കേസിലുള്ള തീർപ്പ്​​ മാത്രമായിരുന്നു​.

പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള വിധിതീർപ്പിന്​ കോടതിയിൽ ഒന്നേന്ന്​ തുടങ്ങേണ്ടതുണ്ടായിരുന്നു. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്​ടോബർ 21നാണ്​ നടന്നത്​. എന്നാൽ ബഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെച്ചു. അതിന്​ ശേഷം എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ട്​ തവണ) കോടതി കേസ്​ പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്തുന്നില്ല.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസി​ൻറ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​. ഹൗസ്​ ഡ്രൈവർ വിസയിലെത്തി മൂന്നാം മാസത്തിലാണ്​ യുവാവി​ൻറ ജീവിതമാകെ കീഴ്​മേൽ മറിച്ച സംഭവമുണ്ടാവുന്നത്​.