
മത്സ്യങ്ങൾക്കും ശ്മശാനമോ ! കടലിലെ ഡെഡ് സോൺ കണ്ടെത്തി
March 5, 2025മനുഷ്യരെ ദഹിപ്പിക്കാന്‍ മാത്രമല്ല, മീനുകള്‍ക്കും ശ്മശാനമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? എന്നാല്‍ അങ്ങനൊന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. മീനുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന ‘ഡെഡ് സോണ്‍’ കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകര്‍. ബംഗാള്‍ ഉള്‍ക്കടലിലാണ് ഡെഡ് സോണ്‍ കണ്ടെത്തിയിരിക്കുന്നത്. വിശാഖപട്ടണം തീരത്തിനുസമീപം കടലില്‍ ഓക്‌സിജന്‍ കുറഞ്ഞ ഡെസ് സോണുകളാണ് ശാസ്ത്ര സംഘം കണ്ടെത്തിയിരിക്കുന്നത്.
കൊച്ചി സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്‌സ് ആന്‍ഡ് ഇക്കോളജിയിലെ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫര്‍ ഡോ. ബി ആര്‍ സ്മിത, ഫിഷറീസ് ഓഷ്യനോഗ്രാഫര്‍ ഡോ. എം ഹാഷിം, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് അക്വാ കള്‍ച്ചര്‍ വിഭാഗം മേധാവി കെ വി അനീഷ് കുമാര്‍ എന്നിവരുടെ പഠനം നെതര്‍ലാന്‍ഡ്‌സിലെ കോണ്ടിനെന്റല്‍ ഷെല്‍ഫ് റിസര്‍ച്ച് ജേണല്‍ പ്രസിദ്ധീകരിച്ചു.
ഉത്തരേന്ത്യന്‍ സമുദ്രമേഖലയിലുള്ള ആദ്യ ഡെഡ് സോണാണിത്. സമുദ്രത്തിലെ ഓക്‌സിജന്‍ കുറവുള്ള പ്രദേശമാണ് ഡെഡ് സോണ്‍ ഇവിടെ സൂക്ഷ്മ ജീവികള്‍ക്ക് മാത്രമേ കഴിയാനാകൂ. ചുഴിപോലുള്ള എഡിയെന്ന പ്രതിഭാസം ഇവിടെ അനുഭവപ്പെടുന്നതിനാല്‍ സമീപമുള്ള മത്സ്യാവശിഷ്ടങ്ങളും മാലിന്യവും അടിത്തട്ടിലേക്ക് വലിച്ചിറക്കുന്നു.
ഡെഡ് സോണുകളുടെ ചുറ്റളവില്‍ പാരാസ്‌കോംബ്രാപ്‌സ് പെല്ലുസിഡസ് എന്ന മത്സ്യ ഇനത്തിന്റെ സാന്നിധ്യമുണ്ടാകും. ഇതിനെ എഡ്ജ് ഇഫക്ട് എന്നാണ് പറയുന്നതെന്ന് ഡോ. അനീഷ് പറഞ്ഞു. എഡിയും എഡ്ജ് ഇഫക്ടും കണ്ടെത്തിയതാണ് ഡെഡ് സോണ്‍ സാന്നിധ്യം ഉറപ്പിച്ചത്. ഉത്തരേന്ത്യന്‍ സമുദ്രമേഖലയിലെ ഇത്തരത്തിലുള്ള ആദ്യ ഡെഡ് സോണാണിത്. പ്രകൃതിയുടെ മാലിന്യം തള്ളുന്ന ഇടമെന്നാണ് ഡെഡ് സോണ്‍ അറിയപ്പെടുന്നതെന്ന് ഡോക്ടര്‍ സ്മിത പറഞ്ഞു. ചുഴിപോലുള്ള എഡിയെന്ന പ്രതിഭാസവും ഇവിടെ കാണാനാകും. സമീപമുള്ള മത്സ്യാവശിഷ്ടങ്ങളും മാലിന്യവും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇത് വലിച്ചെടുക്കും. ഇങ്ങനെ വലിയൊരളവില്‍ ഇവിടെ മാലിന്യമുവുണ്ടാകും.