
ഗുരുവായൂരിൽ തെരുവിൽ കഴിഞ്ഞയാളുടെ ഭാണ്ഡത്തിൽ നിന്ന് ലഭിച്ച ഐ ഫോണിന്റെ ഉടമ കാനഡയിൽ; തിരികെ കിട്ടിയത് രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍
March 6, 2025ഗുരുവായൂർ ∙ തെരുവിൽ കഴിയുന്നവരെ കുളിപ്പിച്ച് പുതുവസ്ത്രവും ഭക്ഷണവും നൽകുന്നതിനിടെ സന്നദ്ധ പ്രവർത്തകനായ തെരുവോരം മുരുകന് മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തിൽ നിന്നു ലഭിച്ച ഐ ഫോണിന്റെ ഉടമ കാനഡയിൽ. എറണാകുളം നോർത്ത് കളമശേരി പുത്തലത്ത് റോഡിൽ റിവർസൈഡ് റസിഡൻസി ഇ–4ൽ രെമിത്ത് സക്കറിയയുടെ ഭാര്യ ടോംസ്‌ലിന്റേതാണ് ഫോൺ എന്നു കണ്ടെത്തി.
രെമിത്തും ടോംസ്‌ലിനും കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് അവധിക്ക് നാട്ടിൽ വന്നപ്പോൾ എറണാകുളത്തു വച്ചാണ് ഫോൺ നഷ്ടപ്പെട്ടത്. പിറ്റേന്ന് കാനഡയ്ക്ക് പോകേണ്ടതിനാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല. ഫെബ്രുവരി 27ന് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശിയെ കുളിപ്പിച്ചപ്പോഴാണ് മുരുകന് ഭാണ്ഡത്തിൽ നിന്നു ഫോൺ ലഭിച്ചത്.
2 ലക്ഷത്തോളം രൂപ വിലയുള്ള ഫോൺ ഫ്ലൈറ്റ് മോഡിൽ ആയതിനാൽ ഓപ്പൺ ചെയ്യാനോ കോൾ വിളിക്കാനോ കഴിഞ്ഞില്ല. ഫെബ്രുവരി 28ന് ഫോൺ സ്ക്രീനിലെ ദമ്പതികളുടെ ചിത്രം അടക്കം വാർത്ത പ്രസിദ്ധീകരിച്ചു. ഇതു കണ്ട് ഒരു ബന്ധുവാണ് കാനഡയിലുള്ള രെമിത്തിനെ വിവരം അറിയിച്ചത്.
ഫോൺ സുരക്ഷിതമായി കിട്ടിയെന്നറിഞ്ഞപ്പോൾ കാനഡയിലെ ദമ്പതികൾ തെരുവോരം മുരുകനുമായി സന്തോഷം പങ്കിട്ടു. ഐടി ഫീൽഡിൽ ജോലി ചെയ്യുന്നതിനാൽ ജോലി സംബന്ധമായ പ്രധാനപ്പെട്ട ഡേറ്റകളും നഷ്‌ടപ്പെട്ട ഫോണിലുണ്ടായിരുന്നു. ഫോൺ കളമശേരി പൊലീസ് സ്റ്റേഷനിൽ വച്ചു ഉടമയുടെ ബന്ധുക്കൾക്കു കൈമാറി.