വിവാഹം കഴിഞ്ഞ് രണ്ടു ദിവസം; നവവധു പ്രസവിച്ചു, പരസ്പരം ആരോപണങ്ങളുമായി വീട്ടുകാർ

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം; നവവധു പ്രസവിച്ചു, പരസ്പരം ആരോപണങ്ങളുമായി വീട്ടുകാർ

March 5, 2025 0 By eveningkerala

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു. ഫെബ്രുവരി 24നായിരുന്നു ഇവരുടെ വിവാഹം. പിറ്റേന്ന് വൈകീട്ടോടെ യുവതിക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഇവർ ഗർഭിണി ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. പിന്നാലെ രണ്ടു മണിക്കൂറിനകം യുവതി ഒരു കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി.

സംഭവത്തിൽ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും ചേർന്ന് തന്നെ വഞ്ചിച്ചതാണെന്നുമാണെന്ന് വരൻ പരാതി നൽകി. വിവാഹ ദിവസം വധു ധരിച്ചിരുന്നത് വയറിനുമുകളിൽ വരെയുള്ള ലെഹങ്കയായതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വരന്റെ സഹോദരി പറഞ്ഞു. തണുപ്പുകാരണമാണ് ലെഹങ്ക ഇങ്ങനെ ധരിച്ചതെന്നാണ് കരുതിയതെന്നും ഒളിച്ചുവെക്കാനാണെന്ന് എങ്ങനെ മനസിലാക്കാൻ കഴിയുമെന്നും സഹോദരി ചോദിക്കുന്നു.

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വധു വീട്ടിൽ എത്തിയെങ്കിലും സഹോദരനും ഒന്നും മനസിലാക്കാനായില്ല. അന്നേ ദിവസം ഭർത്താവിനോട് മാറിക്കിടക്കാൻ വധു ആവശ്യപ്പെട്ടിരുന്നു. അതിനാൽ അവർ ഒന്നിച്ചല്ല കിടന്നത്. കുഞ്ഞിന്റെ പിതാവ് ആരാണെന്ന വിവരം യുവതി തുറന്നുപറയണം എന്നും സഹോദരി ആവശ്യപ്പെട്ടു.

അതേസമയം, വിവാഹത്തിന് മുൻപ് വധുവും വരനും ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വധുവിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ വിവാഹം ഉറപ്പിച്ചതിന് ശേഷം ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ, വരൻ ഇവരുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് രം​ഗത്തെത്തി. കഴിഞ്ഞ ഒക്ടോബറിൽ ആണ് വിവാഹക്കാര്യത്തിൽ അന്തിമ തീരുമാനമായതെന്ന് വരൻ പറഞ്ഞു.