അഭയകേന്ദ്രത്തിലെ പീഡനം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് നിതീഷ് കുമാര്‍

July 26, 2018 0 By Editor

മുസഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍ പൂരില്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ 40 പെണ്‍കുട്ടികള്‍ ലൈംഗിക പീഡിനത്തിനിരയായ കേസില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും കുമാര്‍ കത്തെഴുതി.

അഭയകേന്ദ്രം ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടികളുടെ മൊഴി പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഒരു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി മര്‍ദിച്ച് കൊന്ന് കത്തിച്ചുവെന്നും മൃതദേഹം അഭയകേന്ദ്രത്തിന്റെ മുറ്റത്തു തന്നെ കുഴിച്ചു മൂടിയെന്നും മൊഴിയുണ്ട്. മൊഴി പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് അഭയ കേന്ദ്രത്തിന്റെ മുറ്റം കുഴിച്ച് പരിശോധന തുടങ്ങിയിരുന്നു.

അതേസമയം വൈദ്യപരിശോധനയില്‍ 16 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ അവസ്ഥ വ്യക്തമല്ല. 44 പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ അന്തേവാസികളായുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്നവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. മുസഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 40 പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും അഭയകേന്ദ്രം ജീവനക്കാരും തുടര്‍ച്ചയായി പീഡനത്തിനിരയാക്കുന്നുവെന്ന കാര്യം മാര്‍ച്ച് മാസം മുതല്‍ തന്നെ സര്‍ക്കാരിന് അറിയാമായിരുന്നു. പല പെണ്‍കുട്ടികള്‍ക്കും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയരാകേണ്ടി വന്നു. സര്‍ക്കാര്‍ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, സംഭവം മൂടിവയ്ക്കുകയും ചെയ്തുവെന്ന് തേജസ്വി ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ അഭയകേന്ദ്രത്തില്‍ കഴിയുന്ന 44 പെണ്‍കുട്ടികളില്‍ 14പേരെ മധുബനിയിലെ കേന്ദ്രത്തിലേക്കും 14 പേരെ മൊകാമയിലേക്കും 16പേരെ പട്‌നയിലേക്കും മാറ്റുകയും ചെയ്തു.