കോവൂർ – ഇരിങ്ങാടൻപ്പള്ളി തട്ടുകടകളിൽ തുടങ്ങിയ പരിചയം, കാറുകളിലൂടെ വളർന്നു; പിന്നീട് ദേഹോപദ്രവവും ഭീഷണിയും, ഒടുവില്‍ .ലോ കോളജ് മൂന്നാം സെമസ്റ്റർ വിദ്യാർഥി മൗസ ആത്മഹത്യയിലേക്ക്.. ..

കോവൂർ – ഇരിങ്ങാടൻപ്പള്ളി തട്ടുകടകളിൽ തുടങ്ങിയ പരിചയം, കാറുകളിലൂടെ വളർന്നു; പിന്നീട് ദേഹോപദ്രവവും ഭീഷണിയും, ഒടുവില്‍ .ലോ കോളജ് മൂന്നാം സെമസ്റ്റർ വിദ്യാർഥി മൗസ ആത്മഹത്യയിലേക്ക്.. ..

March 7, 2025 0 By eveningkerala

കോഴിക്കോട് ∙ വൈകിട്ടു മുതൽ പുലർച്ചെ വരെ തുറന്നു പ്രവർത്തിക്കുന്ന, കോവൂർ – ഇരിങ്ങാടൻപ്പള്ളി – ചേവരമ്പലം മിനി ബൈപാസിലെ തട്ടുകടകളിൽ പതിവായി കണ്ടു പ്രണയം നടിച്ചാണ് അൽഫാൻ ലോ കോളജ് മൂന്നാം സെമസ്റ്റർ വിദ്യാർഥി മൗസ മെഹ്‌രിസുമായി പ്രണയത്തിലാകുന്നത്. വെള്ളിമാടുകുന്ന് – ഇരിങ്ങാടൻ പള്ളി റോഡിനു സമീപത്തെ ജനത റോഡിലെ റെന്റ് ഹൗസിൽ താമസിക്കുന്ന മൗസയും സുഹൃത്തുക്കളും വൈകിട്ട് തട്ടുകടകളിൽ എത്തും. അൽഫാൻ ഇവിടെ നിത്യ സന്ദർശകനാണ്. ഇവിടെനിന്നാണ് അൽഫാൻ ആദ്യം മൗസയുമായി കൂട്ടു കൂടുന്നത്. വാഹനങ്ങൾ രൂപമാറ്റം വരുത്തി വിൽപന നടത്തുന്ന തൊഴിലായതിനാൽ പല ആഡംബര കാറുകളും അൽഫാനെ തേടിവരും.

ഇത്തരം കാറുകളിൽ എത്തുന്ന അൽഫാനുമായി കാറിൽ താൽപര്യമുള്ള മൗസ സൗഹൃദത്തിലായി. എന്നാൽ പിന്നീട് അൽഫാൻ മൗസയെ സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൗസയുമായി ആരെയും സംസാരിക്കാൻ അനുവദിക്കാതെ, എല്ലാ കാര്യത്തിലും അൽഫാൻ ഇടപെട്ടു. ഇതോടെ പതുക്കെ സൗഹൃദം അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായി അൽഫാൻ മൗസയെ നിരന്തരം ദേഹോപദ്രവം ഏൽപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു.

ഒടുവിൽ സുഹൃത്തുക്കളുടെയും ഹോട്ടൽ ജീവനക്കാരുടെയും മുന്നിൽ മർദിച്ചതും കാറിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ഫോൺ തട്ടിയെടുത്തതുമാണ് മൗസയെ കൂടുതൽ മനോവിഷമത്തിലേക്ക് തള്ളിവിട്ടതെന്നാണു പൊലീസ് കണ്ടെത്തിയത്.

വൈകിട്ടു മുതൽ പുലർച്ചെ വരെ തുറന്നു പ്രവർത്തിക്കുന്ന, കോവൂർ – ഇരിങ്ങാടൻപ്പള്ളി – ചേവരമ്പലം മിനി ബൈപാസിലെ തട്ടുകടകളിൽ പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ എത്തുന്നതായും ഇതിൽ ലഹരി ഉപയോഗിക്കുന്ന ആളുകളും ഇവിടെ സ്ഥിരം വരുന്നതായും മുന്നേ നാട്ടുകാർ ആക്ഷേപം ഉയർത്തിയിരുന്നു

അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതുസംബന്ധിച്ചും അന്വേഷണം നടത്തും. ഇയാളുടെ ഒരു അക്കൗണ്ട് മഹാരാഷ്ട്ര പൊലീസ് മരവിപ്പിച്ചിട്ടുണ്ടെന്നു മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ് പറഞ്ഞു.

വൈത്തിരിയിൽ പണമിടപാടുമായി ബന്ധപ്പെട്ട് എത്തിയതായി വിവരം കിട്ടിയ പൊലീസ് താമസസ്ഥലം വളഞ്ഞാണു പ്രതിയെ പിടികൂടിയത്. മൗസയുടെ കാണാതായ ഫോൺ പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. ഇയാളുടെ മറ്റു സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

ജീവനൊടുക്കുന്നതിനു തലേന്ന് കോവൂർ – വെള്ളിമാടുകുന്ന് റോഡിൽ വാപ്പൊളിതാഴം ജംക്‌ഷനിൽ അൽഫാൻ മൗസയെ പിടികൂടി മുഖത്തടിച്ചു. മുടിക്കു കുത്തിപ്പിടിച്ചു മൊബൈൽ ഫോൺ വാങ്ങി കൈവശം വച്ചശേഷം കാറിലേക്കു വലിച്ചുകയറ്റി. ഈ ബന്ധത്തെക്കുറിച്ച് മൗസയുടെ ഉമ്മയെ അറിയിക്കുമെന്ന് അൽഫാൻ ഭീഷണിപ്പെടുത്തിയതിൽ മനോവിഷമത്തിലായിരുന്നു മൗസയെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു.  ആത്മഹത്യയിലേക്കു നയിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചതു അൽഫാനാണെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

അന്വേഷണത്തിൽ എസ്ഐ നിമിൻ സെബാസ്റ്റ്യൻ, സിപിഒ ഷഹീർ ദിവാകരൻ, എസ്ഐ രോഹിത്ത്, സീനിയർ സിപിഒ സന്ദീപ് സിൻജിത്ത്, സിപിഒ ആദിൽ, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.