Umm Al Quwain Factory Fire: ഉമ്മുല്‍ഖുവൈന്‍ ഫാക്ടറിയില്‍ തീപിടിത്തം; വൻ നാശനഷ്ടം, ആളപായമില്ല

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം

March 8, 2025 0 By eveningkerala

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉം അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫാക്ടറിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാവരെയും സിവിൽ ഡിഫൻസ് ടീമുകൾ സുരക്ഷിതമായി ഒഴിപ്പിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി, ഉമ്മുൽ-ഖുവൈനിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. സലേം ഹമദ് ബിൻ ഹംദ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നി ശമന പ്രവർത്തനം നടന്നത്. കൂടാതെ, തീ അണയ്ക്കുന്ന ദൗത്യത്തിൽ റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പങ്കുചേർന്നു.

ഉം അൽ-ഖുവൈനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്റർ, ഉം അൽ-ഖുവൈൻ മുനിസിപ്പാലിറ്റി, യൂണിയൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ ആംബുലൻസ് എന്നിവരുടെ സഹായത്തോട് കൂടിയാണ് തീ അണയ്ക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതേസമയം, ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതിലൂടെ വലിയ ദുരന്തം ഒഴിവാക്കാനായെന്നും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി അറിയിച്ചു.