Tanur Girls Missing Case: താനൂരിൽ പെണ്‍കുട്ടികൾ നാടുവിട്ട സംഭവം; കുട്ടികളെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റി

താനൂരിൽ നിന്നും നാടുവിട്ട പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല; റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റി

March 9, 2025 0 By eveningkerala

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. ഇവരെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റി. മലപ്പുറത്തെ സ്നേഹിത എന്ന റിഹാബിലിറ്റേഷൻ സെന്ററിലേക്കാണ് മാറ്റിയത്. ഇവിടെ നിന്ന് കുട്ടികൾക്ക് കൗൺസിലിങ് നൽകിയതിനു ശേഷമേ ബന്ധുക്കൾക്കൊപ്പം വിടൂവെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുമായി സംസാരിച്ച പോലീസ് ഇവർ‌ക്ക് കൂടുതൽ കൗൺസിലിങ് വേണമെന്ന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിലിങ് നൽകുന്നത്.

അതേസമയം പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് യാത്ര നടത്തിയ യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താനൂർ പോലീസാണ് കസ്റ്റഡിയിലെടുത്ത എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിന്‍റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് താനൂർ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായത്. ഉച്ചയ്ക്ക് പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടികളെയാണ് കാണാതായത്. കുട്ടികളെ പരീക്ഷയ്ക്ക് എത്താത്തിനെ തുടർന്ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് സംഭവവിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകുന്നേരത്തോടെ കുട്ടികൾ മുംബൈയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മുംബൈയിലെത്തിയതായി കണ്ടെത്തിയത്. ഇവർ മുംബൈയിലെ സലൂണിൽ കയറി ഹെയർ കട്ട് നടത്തിയതിന്റെയും ചില ദൃശ്യങ്ങളും അന്വേഷണത്തിന് നിർണായകമായി. അവിടെനിന്ന് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യവെ പുനെയ്ക്കടുത്ത് ലോനാവാലയിൽവെച്ചാണ് ആർപിഎഫ് ഉദ്യോ​ഗസ്ഥർ ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് ഇവർ മലപ്പുറത്തേക്ക് എത്തിയത്.