താനൂരിലെ പെൺകുട്ടികളെ എടവണ്ണ സ്വദേശി അക്ബർ റഹീം പരിചയപ്പെട്ടത് നാലുമാസം മുൻപ് ഇൻസ്റ്റഗ്രാം വഴി,​ യാത്ര പ്ലാൻ ചെയ്തത് മൂവരും ചേർന്ന്

താനൂരിലെ പെൺകുട്ടികളെ എടവണ്ണ സ്വദേശി അക്ബർ റഹീം പരിചയപ്പെട്ടത് നാലുമാസം മുൻപ് ഇൻസ്റ്റഗ്രാം വഴി,​ യാത്ര പ്ലാൻ ചെയ്തത് മൂവരും ചേർന്ന്

March 8, 2025 0 By Editor

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി അക്ബർ ഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ,​ ഫോണിൽ പിന്തുടരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കും. തുടർന്ന് വീട്ടുകാരുടെ കൂടെ വിടണോ മറ്റെവിടെയെങ്കിലും താമസിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

നാലുമാസം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികളുമായി യുവാവ് പരിചയപ്പെടുന്നത്. യാത്ര പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവർ മുംബയിലെത്തിയത്. മൂവരും ചേർന്നാണ് യാത്ര പ്ലാൻ ചെയ്തത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് മുംബയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി പൊലീസ് ഇന്ന് ഉച്ചയോടെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്.

പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ ഇന്നലെ പുലർച്ചയോടെ കണ്ടെത്തിയത്. തുടർന്ന് ഇവരെ തിരികെ എത്തിക്കാൻ താനൂരിൽ നിന്നുള്ള പൊലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. പെൺകുട്ടികൾ മുടിവെട്ടാൻ കയറിയ മുംബയിലെ ബ്യൂട്ടി പാർലറിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.