
ഷാനിദ് രണ്ടുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നു, വീട്ടിലറിയില്ല; നാട്ടുകാര്‍ക്ക് അപരിചിതൻ’ MDMA പൊതി വിഴുങ്ങിയതിനു പിന്നാലെ മരിച്ച ഷാനിദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
March 8, 2025താമരശ്ശേരി: പോലീസിൽ നിന്ന് രക്ഷപ്പെടാൻ കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയതിനു പിന്നാലെ മരിച്ച ഷാനിദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ രണ്ട് വർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് നാട്ടുക്കാർ പറയുന്നത്. എന്നാൽ ഇക്കാര്യം വീട്ടിൽ അറിയില്ല. ഷാനിദ് നാട്ടുക്കാർക്ക് അപരിചിതനാണെന്നാണ് ഇയാൾ താമസിച്ചിരുന്ന വീടിനു സമീപത്തുള്ളവർ പറയുന്നത്. അമ്പായത്തോട് പാറമ്മല്‍ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടില്‍ പിതാവിന്റെ വീട്ടില്‍ മുത്തശ്ശിക്കൊപ്പമായിരുന്നു ഷാനിദ് താമസിച്ചിരുന്നത്.
ഷാനിദ് ലഹരി ഉപയോഗിക്കുന്നതായി പലപ്പോഴും തനിക്ക് സംശയം തോന്നിയിട്ടുണ്ടെന്നാണ് മുത്തശ്ശി പറയുന്നത്. വീട്ടിൽ വൈകി എത്തുന്നതിൽ വഴക്ക് പറഞ്ഞാലും ഷാനിദ് ദേഷ്യപ്പെടില്ലായിരുന്നു. വീട്ടില്‍ ഇതുവരെ ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത് കണ്ടിട്ടില്ലെന്നും മുത്തശ്ശി പറയുന്നു.
ഷാനിദിന് അയൽവാസികളുമായി യാതൊരു ബന്ധമുണ്ടായിരുന്നില്ല. ഇടയ്ക്ക് വരുന്നതും പോകുന്നതും കാണുക മാത്രമാണ് നാട്ടുകാര്‍ കണ്ടിട്ടുള്ളതെന്നാണ് പ്രദേശവാസി പറയുന്നത്. ഇയാൾ ഉൾപ്പെടുന്ന കണ്ണിയിൽ ഇനിയും ഒട്ടേറെ പേരുണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരെ പുറത്തുകൊണ്ടുവരണമെന്നും പ്രദേശവാസികൾ പറയുന്നു.
പോലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് എംഡിഎംഎ വിഴുങ്ങുകയായിരുന്നു. തുടർന്ന് പിടിയിലായപ്പോൾ ഇയാൾ തന്നെ ഇക്കാര്യം പോലീസിനോട് പറയുകയായിരുന്നു. പിന്നാലെ പോലീസ് ഇയാളെ സമീപത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 1.20-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു . അതേസമയം ഇയാളുടെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.