എന്തൊരു കരുതല്‍; 9 മണിക്ക് ശേഷവും ക്യൂവില്‍ ആളുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് ബെവ്‌കോ

എന്തൊരു കരുതല്‍; 9 മണിക്ക് ശേഷവും ക്യൂവില്‍ ആളുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് ബെവ്‌കോ

March 8, 2025 0 By eveningkerala

തിരുവനന്തപുരം: രാത്രി 9 മണിക്ക് ശേഷവും മദ്യം വാങ്ങാന്‍ ആള്‍ എത്തിയാല്‍ നല്‍കണം എന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം.

വരിയില്‍ അവസാനം നില്‍ക്കുന്ന ആളുകള്‍ക്ക് വരെ മദ്യം നല്‍കണം എന്നും ഇതിന് ശേഷം മാത്രമേ ഔട്ട്ലെറ്റ് അടയ്ക്കാവൂ എന്നുമാണ് ബെവ്‌കോ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

സാധാരണഗതിയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം. പ്രതീക്ഷയോടെ ഔട്ട്‌ലെറ്റുകള്‍ മുന്നിലേക്ക് എത്തുന്ന വരെ നിരാശരായി മടക്കരുത് എന്നാണ് നിര്‍ദ്ദേശം. 9 മണി ആയി എന്നത് കൊണ്ട് മാത്രം ഷട്ടര്‍ അടയ്‌ക്കേണ്ട എന്നും വരിയില്‍ അവസാനം നില്‍ക്കുന്ന് ആളിന് പോലും മദ്യം നല്‍കണം എന്നും അതിന് ശേഷം ഷോപ്പ് അടച്ചാല്‍ മതി എന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്‌ലെറ്റുകളിലും ഉത്തരവ് ബാധകമാണ് എന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സാദാ ഔട്ട്‌ലെറ്റുകള്‍ക്ക് പുറമേ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. ഉപഭോക്താക്കള്‍ എത്തുമ്ബോള്‍ പലപ്പോഴും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഔട്ട്‌ലെറ്റ് അടയ്ക്കുന്നതിനാല്‍ മദ്യം ലഭിക്കാറില്ല എന്ന പരാതി കൂടുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

എന്നാല്‍ 9 മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ സമയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്. അതേസമയം ഷോപ്പ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ഇതുവരെയും കോര്‍പ്പറേഷന്‍ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രവര്‍ത്തന സമയം പരിഷ്‌കാരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.