
ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി; കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി – ട്രംപിനെ നേരിടാനൊത്ത എതിരാളി
March 10, 2025ജസ്റ്റിൽ ട്രൂഡോയ്ക്ക് ശേഷം കാനഡയുടെ പുതിയ പ്രധാന മന്ത്രിയായി മാർക്ക് കാർനി. കാനഡുടെ 24ാം പ്രധാനമന്ത്രിയായി കാർനിയെ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ലിബറൽ പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ പിന്നിലാക്കിയാണ് കാർനി, കാനഡയുടെ പ്രധാനമന്ത്രിയാവുന്നത്. 53കാരനായ കാർനി, നേരത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും ഗവർണറായിരുന്നു.
കഴിഞ്ഞ ജനുവരിയിലായിരുന്നു ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. പൊതു സമ്മിതിയിൽ വൻ ഇടിവുണ്ടായതിനെ തുടർന്നായിരുന്നു നീക്കം. വ്യാപാരരംഗത്ത് കാനഡ അമേരിക്ക തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് മാർക്ക് കാർനി പ്രധാനമന്ത്രിയായി എത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ നേരിടാൻ സാധിക്കുന്ന മികച്ച രാഷ്ട്രീയക്കാരനായാണ് കാനഡക്കാർ കാർനിയെ കാണുന്നത്.
തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയിലെ 86 ശതാനത്തോളം പേരും കാർനിയെ പിന്തുണച്ചു. 131,674 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. മുഖ്യ എതിരാളിയായ ക്രിസ്റ്റിയ ഫ്രീലാൻഡ് 11,134 വോട്ടുകളും കരീന ഗൗൾഡ് 4,785 വോട്ടുകളും ഫ്രാങ്ക് ബെയ്ലിസ് 4,038 വോട്ടുകളും നേടി. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണ് അദ്ദേഹത്തിന്റെ വിജയം പ്രഖ്യാപിച്ചത്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ തനിക്ക് കഴിയുമെന്നും കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാവില്ലെന്നും കാർനി തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി. അമേരിക്കക്കെതിരെയുള്ള തീരുവ നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
1965 മാർച്ച് 16ന് ഫോർട്ട് സ്മിത്തിലാണ് അദ്ദേഹം ജനിച്ചത്.1988ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായിരുന്നു. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായി. 2008ലെ സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കാനഡയെ രക്ഷിച്ചതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 2013 മുതൽ 2020 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി ചുമതല വഹിച്ചു.
1694ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമായതിന് ശേഷം ഗവർണർ പദവിയിലെത്തുന്ന ബ്രിട്ടീഷ് പൗരൻ അല്ലാത്ത ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം. 2020ൽ ഐക്യ രാഷ്ട്രസഭയുടെ കാലാവസ്ഥ പ്രവർത്തനത്തിനും ധനകാര്യത്തിനുമുള്ള പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. മുൻ ഗോൾഡ്മാൻ സാച്ച്സ് എക്സിക്യൂട്ടീവാണ്. 2003ൽ ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ലണ്ടൻ, ടോക്കിയോ, ന്യൂയോർക്ക്, ടൊറന്റോ എന്നിവിടങ്ങളിൽ 13 വർഷം ജോലി ചെയ്തു. രാഷ്ട്രീയത്തിൽ മുൻ പരിചയങ്ങളൊന്നും അദ്ദേഹത്തിനില്ല. ഭാര്യ ഡയാന ബ്രിട്ടീഷ് പൗരയാണ്. നാല് പെൺമക്കളുണ്ട്.