
സുരക്ഷാ ഭീഷണി; രണ്ട് പ്രധാന നഗരങ്ങളിൽ ടെലഗ്രാം പൂർണമായും നിരോധിച്ചു
March 11, 2025സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ. തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്താൻ, ചെച്‌നിയ എന്നിവിടങ്ങൾ ടെലഗ്രാം ആപ്പ് നിരോധിച്ചു. ശത്രുക്കൾ രാജ്യത്തിനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ടെലഗ്രാം ഉപയോഗിക്കുമെന്ന് ഭയന്നാണ് ഈ നടപടി.
കഴിഞ്ഞ ഒക്ടോബറിൽ ഡാഗെസ്താനിലെ മഖച്കല വിമാനത്താവളത്തിൽ നടന്ന ഇസ്രായേൽ വിരുദ്ധ കലാപത്തിൽ ടെലഗ്രാം വലിയ പങ്കുവഹിച്ചിരുന്നു. ഇസ്രായേലിൽ നിന്നുള്ള വിമാനം എത്തിയെന്ന വാർത്ത പ്രാദേശിക ടെലഗ്രാം ചാനലുകളിൽ പ്രചരിച്ചതിനെ തുടർന്ന് നൂറുകണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ഈ സംഭവത്തിൽ നിരവധി പേരെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ടെലഗ്രാമിനെതിരെ അധികൃതർ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ടെലഗ്രാമിന് ഏകദേശം ഒരു ബില്യൺ ഉപയോക്താക്കളുണ്ട്. ടെലഗ്രാമിൽ സംഘടിത കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിച്ചതിന് പാവേൽ ദുറോവിനെ കഴിഞ്ഞ വർഷം ഫ്രാൻസിൽ അറസ്റ്റ് ചെയ്തിരുന്നു. ആപ്പിലെ സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി നിലവിൽ ഫ്രാൻസിൽ ഔപചാരിക അന്വേഷണം നേരിടുകയാണ് പാവേൽ ദുറോവ്.