
അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
March 17, 2025സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ടവളാണ് സുജാത മോഹന്‍. ഏത് ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഈ ഗായിക ഇന്ന് ഇന്ത്യന്‍ പിന്നണി ഗാനരംഗത്തെ നിറ സാന്നിധ്യം കൂടിയാണ്. 1975ല്‍ പുറത്തിറങ്ങിയ ബംഗ്ലാവ് എന്ന ചിത്രത്തിലാണ് സുജാത ആദ്യമായി ഗാനം ആലപിച്ചത്.
മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളില്‍ ഗാനം ആലപിച്ച സുജാത ഇതുവരെ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച് രണ്ടായിരിത്തിലധികം പാട്ടുകളാണ്. ഗാനമേളകളില്‍ നിന്ന് പണം വാങ്ങിക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ സുജാത.
അമ്മയുടെ തീരുമാനമായിരുന്നു പാട്ടിനും ഗാനമേളയ്ക്കും പണം വാങ്ങിക്കില്ലെന്ന് അതിനൊരു കാരണമുണ്ടെന്നുമാണ് സുജാത പറയുന്നത്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
“അമ്മ നന്നായി പാട്ട് പാടുമായിരുന്നു. അന്നത്തെ കാലത്ത് ആരും പിന്തുണ നല്‍കാനുണ്ടായിരുന്നില്ല. അമ്മയുടെ വീട് പറവൂരാണ്. വിവാഹം കഴിച്ച് കൊണ്ടുപോയതാകട്ടെ സേലത്തേക്കും. അച്ഛന്റെ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പേ സേലത്തേക്ക് കുടിയേറിയ മലയാളികളാണ്. അനസ്‌മെറ്റിസ്റ്റ് ഡോക്ടര്‍ ആയിരുന്നു അച്ഛന്‍. പേര് ഡോ. വിജയേന്ദ്രന്‍.
എനിക്ക് രണ്ട് വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. അതോടെ അമ്മ എറണാകുളത്തേക്ക് തിരിച്ചുവന്നു. അച്ഛന്‍ രവിപുരത്ത് അപ്പോഴേക്ക് വീട് നിര്‍മിച്ചിരുന്നു. എല്ലാ വെക്കേഷനും അച്ഛന്റെ വീട്ടിലേക്ക് പോകും. അവിടെയും എനിക്ക് ഒരുപാട് കസിന്‍സുണ്ട്.
എന്റെ അച്ഛാച്ചന്റെ അമ്മാവനാണ് ജി വേണുഗോപാലിന്റെ മുത്തച്ഛന്‍. വേണു ചേട്ടന്‍, രാധിക എല്ലാവരുമായിട്ട് കുട്ടിക്കാലം നല്ല രസമായിരുന്നു. അച്ഛന്‍ മരിക്കുന്ന സമയത്ത് അമ്മയ്ക്ക് വെറും 26 വയസേ ഉണ്ടായിരുന്നുള്ളൂ. പിന്നിടുള്ള അമ്മയുടെ ജീവിതം പൂര്‍ണമായും എനിക്ക് വേണ്ടിയുള്ളതായിരുന്നു.
അച്ഛന് അത്യാവശ്യം സമ്പാദ്യവും വീടും എല്ലാമുണ്ടായിരുന്നു. അമ്മ നന്നായി ചിത്രം വരയ്ക്കും. ഇതിനോടൊപ്പം ലേഡീസ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. പെയിന്റുങ്ങുകളെല്ലാം അവിടെ വില്‍ക്കാന്‍ വെക്കും. സാരിയില്‍ പെയിന്റ് ചെയ്യുന്നതുമെല്ലായിരുന്നു അമ്മയുടെ ഹോബികള്‍.
പിന്നീട് ഞാന്‍ ഗാനമേളയില്‍ പാടി തുടങ്ങിയ സമയത്ത് മകളെ പാടിച്ച് സമ്പാദിക്കുകയാണെന്ന് ചിലര്‍ പറഞ്ഞത് അമ്മയുടെ കാതിലെത്തി. അതോടെ അമ്മയൊരു തീരുമാനമെടുത്തു, ഒരു പാട്ടിന് പോലും പ്രതിഫലം വാങ്ങിക്കില്ലെന്ന്. അന്നുതൊട്ട് വിവാഹം കഴിയുന്നത് വരെ ഗാനമേളയ്ക്കും പാട്ടിനുമൊന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല,” സുജാത പറയുന്നു.