
ഈ വര്‍ഷം 45,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒമാന്‍
March 20, 2025മസ്‌കറ്റ്: ഈ വര്‍ഷം 45,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒമാന്‍. സ്വദേശികള്‍ക്കായാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്. പരിശീലന മേഖലയില്‍ 11,000, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10,000, സ്വകാര്യ രംഗത്ത് 24,000 എന്നിങ്ങനെയാണ് ഒഴിവുകള്‍ വരികയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബവോയ്‌നാണ് ഇതുസംബന്ധിച്ച് വിശദീകരിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള തൊഴില്‍ സംബന്ധമായ പരിശീലനത്തിന് പിന്തുണ നല്‍കുന്നതില്‍ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
കൂടാതെ വേതന സബ്‌സിഡി സംബന്ധിച്ചും തൊഴില്‍ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു. ഈ രംഗങ്ങളിലെല്ലാം കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം അറിയിച്ചു. പോയവര്‍ഷം മന്ത്രാലയം കൈവരിച്ച നേട്ടങ്ങള്‍ മന്ത്രാലയം വിശദമായി പരിശോധിച്ചു.
2025ലെ ലക്ഷ്യങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. തൊഴില്‍ വിപണി നവീകരിക്കുന്നതിനും രാജ്യത്ത് മികച്ച ജോലി അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഒമാനികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബവോയ്ന്‍ പറഞ്ഞു.