Anila Raveendran: രഹസ്യഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ച് അതിബുദ്ധി; പ്ലാന്‍ പൊളിഞ്ഞത് വൈദ്യപരിശോധനയില്‍; അനില വന്‍ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗം

രഹസ്യഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ച് അതിബുദ്ധി; അനിലയുടെ പ്ലാന്‍ പൊളിഞ്ഞത് വൈദ്യപരിശോധനയില്‍

March 23, 2025 0 By eveningkerala

കൊല്ലം: രഹസ്യഭാഗത്തും കാറിലും ഒളിപ്പിച്ച് 91 ഗ്രാം എംഡിഎംഎ കടത്തിയ കേസില്‍ പിടിയിലായ അനില രവീന്ദ്രന്‍ വന്‍ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. ടാന്‍സാനിയയില്‍ നിന്നുള്ള യുവാക്കളാണ് യുവതിക്ക് നേരിട്ട് രാസലഹരി വിതരണം ചെയ്തിരുന്നത്. വന്‍ മയക്കുമരുന്ന് സംഘങ്ങളുമായി അനിലയ്ക്ക് ബന്ധമുണ്ടെന്നാണ് സൂചന. സമാനരീതിയിലുള്ള കേസുകളില്‍ നേരത്തെയും അനില പ്രതിയായിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് തൃപ്പൂണിത്തുറ പൊലീസ് എംഡിഎംഎ കേസില്‍ അനിലയെ അറസ്റ്റു ചെയ്തിരുന്നു.

കൊല്ലം ശക്തികുളങ്ങരയില്‍ വെച്ചാണ് പൊലീസും ഡാന്‍സാഫും വെള്ളിയാഴ്ച അനിലയെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നീണ്ടകര പാലത്തിന് സമീപം അനില സഞ്ചരിച്ച കാറിന് പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് ആല്‍ത്തറമൂട്ടില്‍ വച്ച് പൊലീസ് വാഹനം കുറുകെയിട്ടാണ് അനിലയെയും വാഹനത്തിലുണ്ടായിരുന്ന യുവാവിനെയും പിടികൂടിയത്. കാറിനുള്ളില്‍ നിന്ന് 50 ഗ്രാമോളം എംഡിഎംഎയാണ് കണ്ടെടുത്തത്.

ബെംഗളൂരുവില്‍ നിന്നാണ് സംഘം കേരളത്തിലേക്ക് രാസലഹരി എത്തിച്ചതെന്നാണ് കണ്ടെത്തല്‍. കൊല്ലം നഗരത്തിലെ വിതരണക്കാരന് ഇത് കൈമാറുകയായിരുന്നു ലക്ഷ്യം. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് രഹസ്യഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ചത് കണ്ടെത്തിയത്. 40 ഗ്രാം എംഡിഎംഎയാണ് രഹസ്യഭാഗത്ത് കവറില്‍ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്നത്.

അനില സഞ്ചരിച്ച കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാര്‍ സുഹൃത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ലഹരിസംഘത്തിലുള്ള കൂടുതല്‍ പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. റിമാന്‍ഡിലുള്ള അനിലയെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും.

തനിക്കൊപ്പം മൂന്ന് പേരുണ്ടായിരുന്നുവെന്ന് അനില പൊലീസിനോട് പറഞ്ഞു. ഈ മൂന്ന് പേരെയും അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പന നടത്തുന്നതിനായാണ് സംഘം രാസലഹരി എത്തിച്ചതെന്നാണ് കണ്ടെത്തല്‍. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.