രാജസ്ഥാന്‍ റോയല്‍സിനെ തളര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വമ്പന്‍ വിജയം
പൂന: ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി ഉള്‍പ്പെട്ട ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വമ്പന്‍ വിജയം. ചെന്നൈ ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 140 റണ്‍സിന് എല്ലാവരും പുറത്ത്. ചെന്നൈ വിജയം 64 റണ്‍സിന്.
45 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സിനു മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതാനെങ്കിലും കഴിഞ്ഞത്. മലയാളി താരം സഞ്ജു സാംസണ്‍ രണ്ടു റണ്‍സ് നേടി പുറത്തായി. രഹാനെ(16), ക്ലാസന്‍(7), ബട്‌ലര്‍(22), ത്രിപതി(5), ബിന്നി(10), ഗൗതം(1), ഗോപാല്‍(8*), ഉനാദ്ഘട്(16), ലാഫ്‌ലിന്‍(0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. ചെന്നൈക്കായി ദീപക് ചഹര്‍, ശര്‍ദുള്‍ താക്കുര്‍, ഡ്വെയ്ന്‍ ബ്രാവോ, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 204/5, രാജസ്ഥാന്‍ റോയല്‍സ്140(18.3).
ആദ്യം ബാറ്റു ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. ടോസ് നേടിയ രാജസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായിറങ്ങിയ വാട്‌സണ്‍ തകര്‍ത്തടിച്ചപ്പോള്‍ ചെന്നൈ സ്‌കോര്‍ കുതിച്ചുയര്‍ന്നു. സ്‌കോര്‍ 50ല്‍ അമ്പാട്ടി റായിഡുവിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 12 റണ്‍സ് മാത്രമായിരുന്നു റായിഡുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
വാട്‌സനൊപ്പം സുരേഷ് റെയ്‌ന എത്തിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 11.5 ഓവറില്‍ റെയ്‌ന പുറത്താകുമ്പോള്‍ ചെന്നൈ സ്‌കോര്‍ ബോര്‍ഡില്‍ 131 റണ്‍സ് കുറിച്ചു. റെയ്‌ന 29 പന്തില്‍ നിന്ന് 46 റണ്‍സ് നേടി. ഇതിനുശേഷവും തകര്‍ത്തടിച്ച വാട്‌സന്‍, 51ാം പന്തില്‍ സെഞ്ചുറി കുറിച്ചു. അവസാന ഓവറില്‍ പുറത്താകുന്നതിനു മുമ്പ് 57 പന്തില്‍നിന്ന് 106 റണ്‍സ് വാട്‌സണ്‍ അക്കൗണ്ടില്‍ ചേര്‍ത്തു. ഒന്‍പതു ബൗണ്ടറികളും ആറു സിക്‌സറും വാട്‌സണ്‍ പറത്തി.
എം.എസ്.ധോണി(5), സാം ബില്ലിംഗ്‌സ്(3) എന്നിവര്‍ക്കു തിളങ്ങാന്‍ കഴിയാത്തത് അവസാന ഓവറുകളില്‍ ചെന്നൈ സ്‌കോറിംഗിനെ ബാധിച്ചു. 24 റണ്‍സുമായി ഡ്വെയ്ന്‍ ബ്രാവോയും രണ്ടു റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെനിന്നു. രാജസ്ഥാന്‍ റോയല്‍സിനായി ശ്രേയസ് ഗോപാല്‍ മൂന്നും ലാഫ്‌ലിന്‍ രണ്ടും വിക്കറ്റ് നേടി.