
ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; പ്രസവ വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍
April 7, 2025 Off By eveningkeralaമലപ്പുറം: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകളുമായ അസ്മക്ക് ശനിയാഴ്ച പിറന്നതുൾപ്പെടെ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണ്.
മൂത്ത മകന് 14 വയസ്സുണ്ട്. നാലാമത്തേത് രണ്ട് വയസ്സുകാരി. ഉമ്മയുടെ വിയോഗം തിരിച്ചറിഞ്ഞത് മൂത്തവന്‍ മാത്രം. അസ്മയുടെ വയോധികയായ മാതാവ് ഷെരീഫയുടെയും സഹോദരന്‍ അഷ്റഫ് ബാഖവിയുടെയും മുന്നില്‍ ഇവരുടെ ഭാവി ചോദ്യചിഹ്നമാണ്. ഉമ്മയില്ലാത്തതിന്റെ അസ്വസ്ഥതകള്‍ കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മന്ത്രവാദവും സിദ്ധവൈദ്യവും അക്യുപഞ്ചര്‍ ചികിത്സയും പ്രയോഗിച്ചത് പ്രസവ സമയത്ത് വിനയായെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്മ പ്രസവസമയത്ത് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ താന്‍ പഠിച്ച ചികിസാരീതികള്‍ പ്രയോഗിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
യുവതിയുടെ മൂന്ന് പ്രസവങ്ങളും ആശുപത്രിയിലായിരുന്നു. പ്രസവസമയത്ത് അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ മൂത്ത മകന്‍ വെള്ളം കൊടുത്തു. ഈ സമയത്തും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സിറാജുദ്ദീന്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഞായറാഴ്ച രാവിലെ പത്തോടെ പൊലീസ് വീട് തേടിയെത്തിയപ്പോൾ മാത്രമാണ് നാട്ടുകാർ ഈ സംഭവമറിയുന്നത്. അയൽപക്കത്ത് ഇത്തരമൊരു സംഭവം നടന്നിട്ടും സഹായിക്കാനായില്ലല്ലോ, ആ യുവതിയുടെ ജീവൻ രക്ഷിക്കാനായില്ലല്ലോ എന്നതായിരുന്നു പലരുടെയും വിഷമം.
ഒന്നര വർഷമായി ഈസ്റ്റ് കോഡൂരിൽ വാടകക്ക് താമസിക്കുന്ന സിറാജുദ്ദീനും കുടുംബവും ആളുകളുമായി അൽപം അകന്നാണ് കഴിഞ്ഞിരുന്നതെന്നും ജനുവരിയിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ കൃത്യമായ വിവരം നൽകാതെ മടക്കിവിട്ടെന്നും വാർഡ് അംഗം പറയുന്നു. യുട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്ന സിറാജുദ്ദീൻ ആത്മീയ ക്ലാസുകൾ നൽകാറുണ്ട്.
‘മടവൂർ ഖാഫില’ എന്ന പേരിലുള്ള യുട്യൂബ് ചാനലിന് 63,000 ലധികം ഫോളോവേഴ്സുണ്ട്. അഭിമുഖങ്ങളും പ്രസംഗങ്ങളുമടക്കുള്ള കാര്യങ്ങളാണ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നത്. ഞായറാഴ്ച സംഭവം പുറത്ത് വന്നതോടെ ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലെ വീഡിയോകൾക്ക് താഴെ വൻതോതിലാണ് പ്രതിഷേധമുയരുന്നത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)