ന്യൂനമര്‍ദം ചുഴലിക്കാറ്റായി: അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ന്യൂനമര്‍ദം ചുഴലിക്കാറ്റായി: അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

May 15, 2021 0 By Editor

തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത  24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോമീറ്റര്‍മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്.