തിരിച്ചടി; പോലീസിന്റെ അപേക്ഷ തള്ളി കോടതി , കെ.എസ്.ശബരീനാഥന് ജാമ്യം

തിരിച്ചടി; പോലീസിന്റെ അപേക്ഷ തള്ളി കോടതി , കെ.എസ്.ശബരീനാഥന് ജാമ്യം

July 19, 2022 0 By Editor

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ നിരുപാധികം തള്ളിയാണ് കോടതി ശബരീനാഥനെ ജാമ്യത്തിൽ വിട്ടത്. ശബരീനാഥന് ജാമ്യം ലഭിച്ചത് സംസ്ഥാന സർക്കാരിനും പൊലീസിനും കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു.

അടുത്ത മൂന്നു ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ മൊബൈൽ ഫോൺ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. മൊബൈൽ ഫോറും സിം കാർഡും ശബരീനാഥൻ കോടതിയിൽ സമർപ്പിച്ചു. അതേസമയം, ശബരീനാഥന് ജാമ്യം നൽകിയതിനെതിരെ കോടതി വളപ്പിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.