സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍:കള്ളപ്പേരില്‍ റിസോര്‍ട്ടിലെത്തി, വേഷം മാറി അകത്താക്കി പൊലീസ്‌

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍:കള്ളപ്പേരില്‍ റിസോര്‍ട്ടിലെത്തി, വേഷം മാറി അകത്താക്കി പൊലീസ്‌

August 20, 2022 0 By Editor

കോഴിക്കോട്∙ സമാന്തര ഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി.ഷെബീർ അറസ്റ്റിൽ. ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടിൽ വച്ചാണ് ജില്ലാ സി ബ്രാഞ്ച് സംഘം പിടികൂടിയത്. 2021 ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.

വയനാട്ടിൽ ബിനാമി വിലാസത്തിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ വേഷം മാറിയെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഷമീർ എന്ന പേരിൽ ഇയാൾ ഇവിടെ എത്താറുണ്ട് എന്ന വിവരം ലഭിച്ച പൊലീസ് ദിവസങ്ങളായി വേഷം മാറി റിസോർട്ടിന് സമീപം താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി ഹരിയാന റജിസ്ട്രേഷൻ കാറിൽ വയനാട് പൊഴുതനയിലെ റിസോർട്ടിനു സമീപമെത്തിയ പ്രതിയെ പൊലീസ് സംഘം വാഹനം തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2021 ജൂലൈ ഒന്നിനാണു കോഴിക്കോട് നഗരത്തിലെ ഏഴു കേന്ദ്രങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ബെംഗളൂരു എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണു കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എക്സ്ചേഞ്ചുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തത് എന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തൃശൂർ, എറണാകുളം,പാലക്കാട് ജില്ലകളിലെ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ പൊലീസ് കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് റഹീം, ബംഗ്ലദേശ് സ്വദേശി സാഹിർ, ചൈന സ്വദേശിനികളായ ഫ്ലൈ, ലീ എന്നിവർക്ക് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് ‘റൂട്ട്’ വിൽപന നടത്തിയിരുന്നെന്നും ഇബ്രാഹിം പുല്ലാട്ടിൽ മൊഴി നൽകിയിട്ടുണ്ട്.

കേസിൽ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ഹാജരാകാത്തതിനെത്തുടർന്നാണു സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങിയത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി സർക്കാരിനു കോടികളുടെ നഷ്ടമുണ്ടായതായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റജിസ്ട്രേഷൻ ഇനത്തിൽ മാത്രം 2.5 കോടിയാണ് നഷ്ടം. കേസിലെ ആറു പ്രതികളിൽ സമാന്തര എക്സ്ചേഞ്ചിലെ ജോലിക്കാരനായ കുണ്ടായിത്തോട് സ്വദേശി ജുറൈസ്, എക്സ്ചേഞ്ചിനാവശ്യമായ ഉപകരണങ്ങൾ നൽകിയ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തിൽ പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സൈബർ തീവ്രവാദമാണെന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇന്റർനെറ്റ് സൗകര്യങ്ങൾ തീവ്രവാദത്തിനായി ഉപയോഗിക്കുന്നതു തടയുന്ന, ഐടി ആക്ടിലെ 66 എഫ് വകുപ്പ് കേസിൽ ഉൾപ്പെടുത്തി. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസിലെ നാലാം പ്രതി അബ്ദുൽ ഗഫൂർ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണു പൊലീസിന്റെ കണ്ടെത്തൽ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിൽ 66 എഫ് വകുപ്പ് ചുമത്തുന്നതിനുള്ള പ്രാഥമിക തെളിവുകൾ ഉണ്ടെന്നു കോടതി നിരീക്ഷിച്ചു.