ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയും പണിമുടക്കും

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയും പണിമുടക്കും

August 6, 2018 0 By Editor

തിരുവനന്തപുരം: സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുമ്‌ബോള്‍ യൂണിയനുകളുടെ ആവശ്യമെല്ലാം നടപ്പാക്കാമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. പറ്റില്ലെന്ന് യൂണിയനുകളും. ഇതോടെ കെഎസ്ആര്‍ടിസിയില്‍ നാളെ സമരം നടക്കും. എംഡിയും യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരവുമായി മുന്നോട്ട് പോകൂന്നത്.

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അര്‍ദ്ധ രാത്രി മുതലായിരുന്നു സമരം. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സാമ്ബത്തിക ഭദ്രത യൂണിയനില്ലെന്ന് എംഡി അറിയിക്കുകയായിരുന്നു. ഇതോടെ സമരവുമായി മുന്നോട്ട് പോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചു.

ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക,മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്. ശബളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തീക്കരിക്കുക. യാത്രാ ദുരിതം വര്‍ദ്ധിപ്പിക്കും വിധമുള്ള ഷെഢ്യുല്‍ പരിഷ്‌കാരം ഉപേക്ഷിക്കുക. ഡ്യൂട്ടിക്കിടയില്‍ പരിക്കേറ്റവരെയും ഗുരതര രോഗമുള്ളവരെയും സംരക്ഷിക്കുക, തടഞ്ഞ് വെച്ച പ്രമോഷനുകള്‍ അനുവദിക്കുക. ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക ,വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, താല്‍കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം ഉറപ്പ് വരുത്തുക, തുടങ്ങി 18 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത മുന്നണി സൂചനാ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി എം.ഡി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ചാണ് പണി മുടക്ക്. സര്‍ക്കാര്‍ നേരത്തേ നടപ്പിലാക്കിയ പദ്ധതികള്‍ സ്വന്തം പേരിലാക്കുകയാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ചെയ്യുന്നതെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. കെ.എസ്.ആര്‍.ടി.സിക്ക് വരുമാന വര്‍ദ്ധനവ് ഉണ്ടായി എന്ന എം.ഡിയുടെ വാദം ശരിയല്ല. പുറത്ത് വിടുന്നത് കള്ളക്കണക്കാണെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പുതുതായി ആവിഷ്‌കരിച്ച പദ്ധതി പ്രകാരമുള്ള കണക്കുകള്‍ പുറത്ത് വിടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വാടക വണ്ടിക്കായി വാശി പിടിക്കുന്ന എം.ഡി സ്വകാര്യവല്‍ക്കരണ നീക്കത്തിന് ശ്രമിക്കുകയാണ്. എം.ഡി നിലപാട് തിരുത്തണമെന്നാണ് ആവശ്യമെന്നും എം.ഡിയെ മാറ്റണമെന്ന ആവശ്യമില്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചിരുന്നു.