ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി നാല് വയസുകാരിയായ മകളെ വില്‍ക്കാനൊരുങ്ങി പിതാവ്

ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി നാല് വയസുകാരിയായ മകളെ വില്‍ക്കാനൊരുങ്ങി പിതാവ്

August 31, 2018 0 By Editor

ലക്‌നൗ: ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി സ്വന്തം മകളെ വില്‍ക്കാനൊരുങ്ങിയ പിതാവിനെ പൊലിസ് പിടികൂടി. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശിയായ അരവിന്ദ് ബന്‍ജാരെയാണ് നാല് വയസ്സുള്ള തന്റെ മകളെ വില്‍ക്കാനൊരുങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരുടെ ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില വഷളായ ഭാര്യക്ക് ചികിത്സയ്ക്ക് വേണ്ടി രക്തം സംഘടിപ്പിക്കണമെന്നും മരുന്നുകള്‍ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരാനായ അരവിന്ദിന്റെ കൈയില്‍ പണം ഇല്ലാത്തതിനെ തുടര്‍ന്നാണ് നാല് വയസ്സുള്ള ഇവരുടെ മകളെ 25,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞ് എത്തിയ ഉത്തര്‍പ്രദേശ് പൊലിസ് ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് പൊലിസ് അരവിന്ദിന്റെ ഭാര്യയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാം എന്ന് അറിയിക്കുകയായിരുന്നു.

ഇരുവര്‍ക്കും ഒരു വയസുള്ള മകനും നാല് വയസുള്ള മകളുമാണുള്ളത്. അടിയന്തരമായി രക്തം എത്തിച്ചില്ലെങ്കില്‍ തന്റെ ഭാര്യ മരിച്ചുപോകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞുവെന്നും തന്റെ കൈയില്‍ പണം ഇല്ലാത്തതു കൊണ്ട് മകളെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അരവിന്ദ് പറഞ്ഞു.

ഭാര്യയുടെ ചികിത്സക്കായി മകളെ വില്‍ക്കുന്ന എന്ന വാര്‍ത്ത തങ്ങളില്‍ ഞെട്ടല്‍ ഉണ്ടാക്കിയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് ഓഫീസര്‍ അമോദ് കുമാര്‍ സിംഗ് പറഞ്ഞു. ഞങ്ങള്‍ ഇവരുടെ അടുത്ത് എത്തുമ്പോള്‍ സ്ത്രീ ഗുരുതരാവസ്ഥയിലായിരുന്നു അതു മനസ്സിലായതു കൊണ്ടാണ് ഇവരുടെ ചികിത്സാ ചിലവുകള്‍ ഞങ്ങള്‍ ഏറ്റെടുത്തത് എന്നും അദ്ദേഹം അറിയിച്ചു. ഇവരുടെ മുഴുവന്‍ ചികിത്സാ ചെലവുകളും പൊലിസുകാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.