മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണയായി: കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം

May 20, 2018 0 By Editor

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപവത്കരണത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ധാരണയായതായി സൂചന. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ഇരു കക്ഷികളുടെയും നേതാക്കന്‍മാര്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരു പാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ചേരുന്നുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ മുഖ്യപരിഗണന ലഭിക്കുകയെന്നാണ് സൂചന. മുഖ്യമന്ത്രിയാവുന്ന കുമാരസ്വാമി ധനകാര്യവകുപ്പ് കൂടി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയും ആയേക്കും. എന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ആര്‍ക്കായിരിക്കും എന്നതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നത് വ്യക്തമല്ല. ഡി.കെ ശിവകുമാറിന്റെ പേരും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് മലയാളികളായ കെ. ജെ ജോര്‍ജിനും യു.ടി. ഖാദറിനും ഈ മന്ത്രിസഭയില്‍ പദവി ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്. രാമലിംഗ റെഡ്ഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും. പ്രധാന വകുപ്പുകള്‍ ലഭിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ മാത്രമായിരിക്കും ബുധനാഴ്ച സത്യപ്രിതിജ്ഞ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പിനു ശേഷം മന്ത്രിസഭാ വിപുലീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

തിരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും പരസ്പര സഹകരണത്തോടെ മത്സരിക്കും. ജയാനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയെ ജെഡിഎസ് പിന്തുണക്കും. ആര്‍ ആര്‍ നഗറില്‍ ജെഡിഎസ് സ്ഥാനാര്‍ഥി രാമചന്ദ്ര കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കും. ഇവിടങ്ങളില്‍ ഇരുപക്ഷവും എതിര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കില്ല.