നിപ വൈറസ്: രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് രോഗബാധ

May 26, 2018 0 By Editor

കോഴിക്കോട്‌: നിപ വൈറസ് പനി ബാധ കേരളത്തില്‍ പടരുന്നത് തമിഴ്‌നാട്ടിലും ആശങ്കയുയര്‍ത്തുന്നു. പ്രത്യേക സാഹചര്യത്തില്‍ പാലക്കാട്, കന്യാകുമാരി, നീലഗിരി, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ രോഗപ്രതിരോധജാഗ്രത നടപടി ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളിലെ ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് ബൂത്തുകള്‍ സ്ഥാപിച്ചു.

പനിബാധിതരായവരെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രക്തപരിശോധന നടത്തി തുടര്‍ചികിത്സ നടത്തുകയാണ് ചെയ്യുന്നത്. ഈ നിലയില്‍ തിരുച്ചിറപ്പള്ളിയില്‍നിന്ന് കണ്ണൂര്‍ ജില്ലയില്‍ റോഡ് ടാറിങ് ജോലിക്ക് പോയി തിരിച്ചെത്തിയ തൊഴിലാളികളില്‍ ചിലര്‍ക്ക് പനിബാധ കണ്ടെത്തിയതാണ് ഭീതി പരത്തിയത്. രണ്ട് തൊഴിലാളികള്‍ക്ക് നിപ വൈറസ് ബാധിച്ചതായി സംശയിക്കുന്നു. ഇവരെ തിരുച്ചി ഗവ. ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.

ഇരുവരുടെയും രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യനില ആശങ്കജനകമല്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഐ. രവീന്ദ്രന്‍ അറിയിച്ചു. അതിനിടെ കേരളത്തില്‍നിന്ന് തിരിച്ചെത്തിയ 20ഓളം തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ തിരുച്ചിറപ്പള്ളി കലക്ടറേറ്റിലെത്തി നിവേദനം നല്‍കി. പനിബാധ തടയണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് ആവശ്യം.

നിപ വൈറസ് ബാധ സംബന്ധിച്ച വാര്‍ത്തകള്‍ പരന്നതോടെ കേരളത്തില്‍നിന്ന് തമിഴ് തൊഴിലാളികളും കച്ചവടക്കാരും തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള തീര്‍ഥാടന, വിനോദസഞ്ചാര യാത്രകള്‍ വിവിധ ടൂര്‍ ഓപറേറ്റര്‍മാര്‍ തല്‍ക്കാലം റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.