കനത്ത മഴ; മംഗലാപുരത്ത് മണ്ണിടിച്ചിലിൽ  മൂന്ന് മലയാളികൾ മരിച്ചു

കനത്ത മഴ; മംഗലാപുരത്ത് മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു

July 7, 2022 0 By Editor

Landslides in mangalore three malayalis died

മംഗലാപുരം: പഞ്ചക്കല്ലിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ബിജു,ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ജോണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമസിക്കുന്ന ഷെഡ്ഡിലേക്ക് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്.

ഒരാൾ തൽക്ഷണം തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ടു പേരുടെ മരണം കൂടി രാവിലെ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. രണ്ടു വർഷമായി തോട്ടം മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു മരിച്ച മലയാളികൾ. പ്രദേശത്തെ ഒരു താൽക്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്.

കനത്ത മഴയെ തുടർന്ന് തീരദേശ കർണാടക ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരു ജില്ലകളിലെയും സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകൾ തകർന്നു. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിനെയും എൻഡിആർഎഫിനെയും വിന്യസിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി.