മിശിഹയ്ക്കായി മാലാഖ ​ഗോള്‍ നേടി; ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

July 11, 2021 0 By Editor

സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോല്‍പ്പിച്ച്‌ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി.  22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏക ഗോളിലാണ് അര്‍ജന്റീനയുടെ ജയം. രാജ്യന്തര കരിയറിലെ ആദ്യ കിരീടത്തില്‍ മുത്തമിടാന്‍ ലയണല്‍ മെസിക്ക് വഴിയൊരുക്കിയതും സഹതാരം ഡി മരിയയുടെ ഗോളിലാണ്.

സ്വപ്ന ഫൈനലിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീനക്കായിരുന്നു മേല്‍ക്കൈ. മാരക്കാനയില്‍ 45 മിനുറ്റും ഒരു മിനുറ്റ് ഇഞ്ചുറിടൈമും പൂര്‍ത്തിയായപ്പോള്‍ മെസിയും സംഘവും 1-0ന് ലീഡ് ചെയ്യുകയായിരുന്നു. 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയുടെ കാലുകളില്‍ നിന്നായിരുന്നു അര്‍ജന്റീനയുടെ ആരാധക ഹൃദയത്തിലേക്ക് സുന്ദരമായ ഗോള്‍ പറന്നെത്തിയത്. സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങളാണ് 22-ാം മിനുറ്റില്‍ ആഹ്ലാദത്തിന് വഴിതുറന്നത്.  ബ്രസീല്‍ ​ഗോള്‍ കീപ്പര്‍ എഡേഴ്സനെ കബളിപ്പിച്ച്‌ അതിവേ​ഗമുളള മുന്നേറ്റത്തിന് ഒടുവില്‍ മരിയ പന്ത് ചിപ്പ് ചെയ്ത് വലയില്‍ എത്തിച്ചപ്പോള്‍ മാരക്കാനയിലെ അര്‍ജന്റീനിയന്‍ ആരാധകര്‍ ഇളകി മറിയുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അടക്കം അവസാന പകുതിയില്‍ മാത്രമായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയെ കളത്തിലിറക്കിയത്. എന്നാല്‍ ഇത്തവണ പ്ലേയിം​ഗ് ഇലവനില്‍ ആദ്യമേ ഇടം പിടിച്ച മരിയ കിട്ടിയ അവസരം ​ഗോളാക്കി.

രണ്ടാം പകുതിയില്‍ വര്‍ധിത ആവേശത്തോടെ ഉയര്‍ന്ന് കളിച്ച ബ്രസീല്‍ തുടക്കത്തിലെ റിച്ചാര്‍ഡ് നിക്സണിലൂടെ സമനില ​ഗോള്‍ നേടിയെങ്കിലും സൈഡ് റഫറി ഓഫ്സൈഡ് വിളിച്ചതോടെയാണ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ആശ്വാസമായത്. പിന്നാലെ തന്നെ റിച്ചാര്‍ഡ് നിക്സണ്‍ പായിച്ചൊരു ബുള്ളറ്റ് ഷോട്ട് അര്‍ജന്റീന ​ഗോളി എമിലിയാനോ തട്ടിയകറ്റി. തുടര്‍ന്ന് കയ്യാങ്കളിയിലേക്കും പരുക്കന്‍ അടവുകളിലേക്കും നീങ്ങിയ മത്സരത്തില്‍ റഫറിക്ക് നിരവധി തവണ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തേണ്ടി വന്നു.