കാറഡുക്ക പഞ്ചായത്തില്‍ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന്റെ പിന്തുണ
മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫ് പിന്തുണയില്‍ പാസായി. വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണനെതിരേ പതിനാലാം വാര്‍ഡ് മെമ്പര്‍ എം.തമ്പാന്‍…
മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫ് പിന്തുണയില്‍ പാസായി. വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണനെതിരേ പതിനാലാം വാര്‍ഡ് മെമ്പര്‍ എം.തമ്പാന്‍…
മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫ് പിന്തുണയില്‍ പാസായി. വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണനെതിരേ പതിനാലാം വാര്‍ഡ് മെമ്പര്‍ എം.തമ്പാന്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം ഏഴിനെതിരേ എട്ട് വോട്ടുകള്‍ക്കാണ് പാസായത്. ബിജെപിഏഴ്, സിപിഎം മൂന്ന്, സിപിഎം സ്വതന്ത്രര്‍ രണ്ട്, മുസ്ലിം ലീഗ് രണ്ട്, കോണ്‍ഗ്രസ് സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കാറഡുക്കയിലെ കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്നയ്‌ക്കെതിരേ സിപിഎം അംഗം എ. വിജയകുമാര്‍ നല്‍കിയ അവിശ്വാസപ്രമേയം കഴിഞ്ഞ രണ്ടിന് പാസാകുകയും അവര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. അവിശ്വാസ പ്രമേയ യോഗത്തിന് ഭരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.
പുതിയ പഞ്ചായത്ത് പ്രസിഡന്റായി ആറാം വാര്‍ഡില്‍നിന്ന് സിപിഎം പിന്തുണയോടെ ജയിച്ച അനസൂയ റൈയെയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് സ്വതന്ത്രന്‍ എം. വിനോദ് നമ്പ്യാരെയും തെരഞ്ഞെടുക്കുമെന്നാണ് സൂചന. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ നിലവിലുള്ളതുപോലെ വികസന കാര്യം സിപിഎമ്മിലെ എ.വിജയകുമാറും ക്ഷേമകാര്യം ബിജെപിയിലെ ജനനിയും ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ബിജെപിയിലെ രേണുകയും വഹിക്കുമെന്നാണ് സൂചന.
കാറഡുക്ക പഞ്ചായത്തിലെ 18 വര്‍ഷത്തെ ബിജെപി ഭരണത്തിനാണ് അന്ത്യമായത്. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ കൂട്ടായ്മ ശക്തമാകുന്നതിനിടെയാണ് പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്ത് ബിജെപിയെ ഭരണത്തില്‍നിന്ന് താഴെയിറക്കിയത്. കാറഡുക്കയുടെ സമീപപഞ്ചായത്തായ എന്മകജെയിലും അധികാരം നഷ്ടപ്പെടുമെന്ന ഭീഷണിയിലാണ് ബിജെപി. ഇവിടെ പ്രസിഡന്റ് രൂപവാണി ആര്‍.ഭട്ടിനെതിരേ യുഡിഎഫിലെ വൈ.ശാരദ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ടിന് അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച നടക്കും. ബിജെപിക്കും യുഡിഎഫിനും ഏഴു വീതം സീറ്റുകളുള്ള ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്.
17 സീറ്റുകളുള്ള ഈ പഞ്ചായത്തില്‍ ബിജെപി ഏഴ്, കോണ്‍ഗ്രസ് നാല്, മുസ്ലിം ലീഗ് മൂന്ന്, സിപിഎം രണ്ട്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മുമ്പ് 2016ല്‍ കോണ്‍ഗ്രസ് ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നു. അന്ന് സിപിഐ അംഗം അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നെങ്കിലും രണ്ടു സിപിഎം മെമ്പര്‍മാരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ഇത് പാസായില്ല. എന്നാല്‍ ഇത്തവണ കാറഡുക്കയില്‍ സിപിഎമ്മിനെ യുഡിഎഫിനെ പിന്തുണച്ചതോടെ എന്മകജെയില്‍ സിപിഎം യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ധാരണയായിട്ടുണ്ട്.