
വാന്‍ അപകടം: മകനെ പുറത്തേക്കെറിഞ്ഞു രക്ഷിച്ച് അച്ഛന്‍ വാനിനടിയില്‍പെട്ടു മരിച്ചു
April 24, 2018പാലോട് (തിരുവനന്തപുരം): നിയന്ത്രണം വിട്ട പിക് അപ് വാന്‍ മറിയും മുന്‍പ്, പിഞ്ചുമകനെ പുറത്തേക്കെറിഞ്ഞു രക്ഷിച്ച് അച്ഛന്‍ അടുത്ത നിമിഷം വാനിനടിയില്‍പെട്ടു മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏകമകന്‍ ശ്രീഹരിയെ (ആറ്) രക്ഷിച്ചയുടന്‍ അപകടത്തില്‍പെട്ടു മരിച്ചത്.
കുളത്തൂപ്പുഴ റോഡില്‍ മടത്തറയ്ക്കു സമീപം ചന്തവളവിലാണു സംഭവം. അരിപ്പ ഓയില്‍പാം ഓഫിസില്‍ നിന്നു 30നു വിരമിക്കുന്ന അമ്മആനന്ദഭായിയുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്നു സാധനങ്ങള്‍ കൊണ്ടുവരാനായാണു രാജേഷും മകനും പിക് അപ് വാനുമായി പോയത്. വാനിനു പിന്നില്‍ സാധനങ്ങള്‍ കയറ്റുന്ന ഭാഗത്ത് അച്ഛനൊപ്പമായിരുന്നു ശ്രീഹരി.
റോഡുവക്കില്‍ മണ്ണൊലിപ്പു മൂലം രൂപംകൊണ്ട കുഴിയിലിറങ്ങിയാണു വാന്‍ നിയന്ത്രണം വിട്ടത്. ആടിയുലഞ്ഞ വാനില്‍നിന്നു മകനെ സുരക്ഷിത സ്ഥാനത്തേക്ക് എറിയാന്‍ രാജേഷിനു കഴിഞ്ഞു. അടുത്ത നിമിഷം മറിഞ്ഞ വാന്‍ രാജേഷിനു മുകളിലേക്കു വീണു. രഞ്ജുവാണ് രാജേഷിന്റെ ഭാര്യ.