കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

September 16, 2018 0 By Editor

എരുമേലി: സംസ്ഥാനത്തെ നടുക്കിയ മഹാപ്രളയത്തിന് ശേഷം കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ചിങ്ങമാസ നിറപുത്തരി പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാഞ്ഞതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്. നിലക്കലിലും പമ്ബയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പ്രളയത്തില്‍ തകര്‍ന്ന പമ്ബ ത്രിവേണിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. നിലക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസില്‍ വരണം. പമ്ബയില്‍ ശൗചാലയങ്ങള്‍ മുഴുവന്‍ തകര്‍ന്നതിനാല്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. കുപ്പിവെള്ളത്തിന് നിരോധനമുണ്ട്. കടകളും നന്നേ കുറവ്. പമ്ബയിലെ ആശുപത്രിയുടെ രണ്ടാം നിലയില്‍ ഒപി സേവനം ലഭ്യമാക്കും. വൈദ്യുതി, കുടിവെള്ള വിതരണം പുനസ്ഥാപിച്ചു.

നിലക്കലില്‍ അയ്യപ്പന്മാര്‍ക്ക് വിരി വെക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്ബ ത്രിവേണിയില്‍ വിരിവെക്കാന്‍ സൗകര്യം ഉണ്ടാകില്ല. സുരക്ഷക്കായി കൂടുതല്‍ പൊലീസ് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ശബരിമലയില്‍ ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ ക്ഷേത്ര തന്ത്രിയായി കണ്ഠരര് രാജീവര് ഇന്ന് ചുമലയേല്‍ക്കും. 21 വരെയാണ് കന്നിമാസ പൂജകള്‍ക്കായി ക്ഷേത്ര നട തുറക്കുക.