നൂറു ദിവസം നൂറ് പദ്ധതികള്‍; ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും

August 30, 2020 0 By Editor

തിരുവനന്തപുരം: നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നും പലിശയുടെ കാര്യത്തില്‍ ഇളവ് നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണസമ്മാനമായി നൂറുദിവസം നൂറ് പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അത് സമയബന്ധിതമായി നടപ്പാക്കും എന്ന ഉറപ്പുകൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങള്‍;

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നൂറ് രൂപ വീതം വര്‍ധിപ്പിക്കും. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും.

നൂറു ദിവസത്തിനുള്ളില്‍ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും

ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.

നൂറു ദിവസങ്ങളില്‍ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും

സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ കെട്ടിടങ്ങള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കും. 250 പുതിയ സ്‌കൂള്‍കെട്ടിടങ്ങളുടെ പണി ആരംഭിക്കും.

എല്‍പി സ്‌കൂളുകള്‍ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും.

അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂര്‍ത്തികരിക്കും.

11400 ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ തുറക്കും കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങും കോളേജ് ഹയര്‍ സെക്കന്‍ഡറി മേഖലകളില്‍ ആയിരം പുതിയ തസ്തികകള്‍ സൃഷ്ടിക്കും

15000 നവസംരംഭങ്ങളിലൂടെ അമ്പതിനായിരം പേര്‍ക്ക് കാര്‍ഷികേതര മേഖലകളില്‍ തൊഴില്‍ നല്‍കും 5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും

189 പൊതുമരാമത്ത് റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും 158 കിമി കെഎസ്ടിപി റോഡുകള്‍, 21 പാലങ്ങള്‍ എന്നിവയും ഉത്ഘാടനം ചെയ്യും

41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും

ഒന്നരലക്ഷം പേര്‍ക്ക് കുടിവെള്ള കണക്ഷണ്‍ പത്ത് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും

ശബരിമലയില്‍ 23 കോടിയുടെ മൂന്ന് പദ്ധതികള്‍

15 പോലീസ് സ്‌റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യും.

15 സൈബര്‍ സ്‌റ്റേഷനുകളും തുടങ്ങും

കയറുല്‍പാദനത്തില്‍ 50 ശതമാനം വര്‍ധന കൈവരിക്കും

മത്സ്യഫെഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കും

നിലയ്ക്കലില്‍ കുടിവെള്ള പദ്ധതി ആരംഭിക്കും.