യാത്രക്കാരെ ദുരിതത്തിലാക്കി മഞ്ചേരിയില്‍ സ്വകാര്യബസുകള്‍ വഴിമാറി സര്‍വീസ് നടത്തുന്നു

January 5, 2018 0 By Editor

മഞ്ചേരി: യാത്രക്കാരെ ദുരിതത്തിലാക്കി മഞ്ചേരിയില്‍ സ്വകാര്യബസുകള്‍ വഴിമാറി സര്‍വീസ് നടത്തുന്നു,റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മലപ്പുറം പാതയില്‍ ഗതാഗത തടസ്സം രൂക്ഷമായതോടെ മുള്ളമ്പാറ പൂക്കോട്ടൂര്‍ വഴിയാണ് മിക്ക ബസുകളും മലപ്പുറത്തെത്തി സര്‍വീസ് തുടരുന്നത്. നാടുകാണി പരപ്പനങ്ങാടി പാത നവീകരണം നടക്കുന്നതിനാല്‍ മഞ്ചേരി-മലപ്പുറം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇത് മറയാക്കിയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് മുള്ളമ്പാറ പൂക്കോട്ടൂര്‍ വഴി തിരിച്ചുവിടുന്നത്. ഇത് യാത്രക്കാരെ വലക്കുകയാണ്.
മഞ്ചേരിയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോവാനുള്ള യാത്രക്കാരെ കയറ്റാതെ മലപ്പുറം മുതലുള്ള ടിക്കറ്റുകള്‍ മാത്രം നല്‍കിയാണ് വഴിമാറിയുള്ള സര്‍വീസ്. മലപ്പുറത്തിനിടക്ക് ഇറങ്ങേണ്ടവര്‍ക്ക് ബസുകള്‍ പോകുന്ന വഴിയന്വേഷിച്ച് കയറേണ്ട അവസ്ഥയാണ്. ഈ റൂട്ടില്‍ ഇതുവരെ ഗതാഗത നിയന്ത്രണമൊന്നുമില്ലന്നിരിക്കെ സ്വകാര്യ ബസുകള്‍ തന്നിഷ്ടപ്രകാരമാണ് വഴിമാറിയോടുന്നത്. തകര്‍ന്നടിഞ്ഞ നിരത്തിലൂടെയുള്ള യാത്ര വലിയതോതില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുയെന്ന കാരണമാണ് ബസ് ജീവനക്കാര്‍ക്കാര്‍ പറയുന്നത്.