ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർധിച്ചതായി മോദി

ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർധിച്ചതായി മോദി

December 12, 2020 0 By Editor

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളിൽ കൂടുതല്‍ വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിദേശനിക്ഷേപം വർധിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഫെബ്രുവരി-മാർച്ചിൽ മഹാമാരി ആരംഭിച്ചപ്പോൾ നാം അജ്ഞാതനായ ഒരു ശത്രുവിനോടാണ് പോരാടിക്കൊണ്ടിരുന്നത്.ഉല്പാദനമാകട്ടെ, ഗതാഗതമേഖലയാകട്ടെ, സമ്പദ്ഘടനയുടെ പുനരുജ്ജീവനമാകട്ടെ ഒരു പാട് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. എത്രകാലം മുന്നോട്ടുപോകാനാവുമെന്നും കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുമെന്നുമുള്ളതായിരുന്നു പ്രശ്നം. ഡിസംബറോടെ സാഹചര്യങ്ങൾ മാറി. നമ്മുടെ കൈയിൽ ഉത്തരമുണ്ട്, പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകൾ പ്രോത്സാഹനജനകമാണ്. പ്രതിസന്ധിഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ ഭാവിയേക്കുറിച്ചുളള തീരുമാനങ്ങളെ കുറേക്കൂടി കരുത്തുറ്റതാക്കി.ആത്മനിർഭർ അഭിയാൻ എല്ലാ മേഖലകളിലും കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.