ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡനം; എതിർത്തപ്പോൾ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കും എന്ന് ഭീഷണി; എറണാകുളത്ത് വസ്ത്രവ്യാപാര ഉടമ അറസ്റ്റിൽ

August 19, 2021 0 By Editor

കൊച്ചി: എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോയിൽ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്ഥാപന ഉടമ അറസ്റ്റിൽ. തൊടുപുഴ സ്വദേശിയായ 43 കാരൻ സനീഷ് ആണ് അറസ്റ്റിലായത്. വൈറ്റിലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തിൽ ജോലിക്കെത്തിയ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം സൗത്തിലുള്ള ഹോട്ടലിൽ കൊണ്ടുപോയി സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.

പിന്നീട് പലതവണ പീഡനദൃശ്യങ്ങൾ കാണിച്ച് പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കൂടാതെ ഇവരിൽ നിന്ന് അൻപതിനായിരം രൂപയും സ്വർണാഭരണങ്ങളും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ യുവതി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നേരത്തെ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ യുവതിക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു.

ഇനി വിളിച്ചാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയത് മനസിലാക്കിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി തൊടുപുഴയ്ക്ക് അടുത്തുള്ള സ്ഥലത്തുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി കേസുള്ളതായും പൊലീസ് പറഞ്ഞു.