മോഷ്ടിച്ച ടിപ്പറുമായി കുതിച്ച് പാഞ്ഞു: ഇടിച്ചിട്ടത് 5ലേറെ വാഹനങ്ങളെ, സാഹസികമായി പിടികൂടി പോലീസും നാട്ടുകാരും

മോഷ്ടിച്ച ടിപ്പറുമായി കുതിച്ച് പാഞ്ഞു: ഇടിച്ചിട്ടത് 5ലേറെ വാഹനങ്ങളെ, സാഹസികമായി പിടികൂടി പോലീസും നാട്ടുകാരും

September 19, 2021 0 By Editor

കോഴിക്കോട്: മോഷണം പോയ ടിപ്പർ ലോറിയും മോഷ്ടാക്കളേയും പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടി. അതിസാഹസികമായി പിന്തുടർന്നാണ് ടിപ്പർ ലോറിയും അത് ഓടിച്ചിരുന്ന യുവാക്കളേയും പിടികൂടിയത്. അബ്ബാസ്, നിധീഷ് എന്നിവരാണ് പിടിയിലായത്. ലോറി അമിത വേഗത്തിൽ ഓടിച്ചു പോകുന്നതിനിടെ ഇവർ 5ലേറെ വാഹനങ്ങളെ തട്ടുകയും ഡിവൈഡറുകളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.

മലാപറമ്പ് എഡിഎം ബംഗ്ലാവിന് സമീപം എംസാൻഡുമായി നിർത്തിയിട്ട കുന്ദമംഗലം സ്വദേശിയുടെ ടിപ്പറാണ് യുവാക്കൾ മോഷ്ടിച്ചത്. ഇന്നലെ അതിരാവിലെ ലോറി എടുക്കാൻ ചെന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ഉടമ ചേവായൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ടിപ്പർ ലോറി അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും വണ്ടിയുടെ ചിത്രം സഹിതം മോഷണ വിവരം അറയിച്ചു. അസോസിയേഷൻ അംഗങ്ങളാണ് ലോറി തടമ്പാട്ടുതാഴം ഭാഗത്ത് കണ്ടതായി വിവരം നൽകുന്നത്.

ഉടൻ തന്നെ അസോസിയേഷൻ അംഗങ്ങൾ ലോറി പിന്തുടർന്നു. ഇതിനിടെ നിരവധി വാഹനങ്ങളിൽ തട്ടുകയും കെഎസ്ആർടിസിയിൽ ഇടിയ്‌ക്കുകയും ചെയ്തു. വാഹന പരിശോധനയ്‌ക്കിടെ പോലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ലോറി നിർത്താതെ പോകുകയായിരുന്നു. രണ്ട് മണിക്കൂറിലേറെയായി പോലീസ് ലോറിയെ പിന്തുടർന്നു. ഇതിനിടെ കുറുകെയിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ബിലാത്തിക്കുളം ഭാഗത്ത് വെച്ച് ഇവർ കുടുങ്ങുന്നത്.

കോഴിക്കോട് ബിലാത്തിക്കുളം ക്ഷേത്രത്തിന് മുന്നിലെ കൽവിളക്കിൽ തട്ടി ലോറി റോഡിൽ കുടുങ്ങുകയായിരുന്നു. ഇതോടെ മോഷ്ടാക്കൾ ഇറങ്ങി ഓടി. വീട്ടു പറമ്പിലൂടെയും ഇടവഴികളിലൂടെയും ഓടിയ ഇവരെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു.