“അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാകും, കുറച്ച് കഴിയുമ്പോള്‍ അത് ശരിയാവുകയും ചെയ്യും” ; നിയമനടപടിയിൽ പ്രതികരണവുമായി വിജയുടെ പിതാവ്
തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സൂപ്പർ താരം വിജയ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമുൾപ്പെടെ തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അച്ഛൻ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പർമാർ, എന്നിവരടക്കം 11 പേർക്കെതിരെയായിരുന്നു ഹർജി. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയുടെ അച്ഛൻ എസ്. എ. ചന്ദ്രശേഖർ. പ്രശ്നങ്ങളില്ലാത്ത കുടുംബമില്ലെന്നും എല്ലാ വീട്ടിലും അച്ഛനും മക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും പറഞ്ഞ അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.
വിജയുടെ പേരിൽ ‘ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം’ എന്ന പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. വിജയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയുമായിരുന്നു പാർട്ടിയുടെ ട്രഷറർമാർ. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന വിജയ് തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കി. ഇതേതുടർന്ന് ഒരു ദേശീയ മാധ്യമം ഈ പരാതിയെ കുറിച്ച് ചന്ദ്രശേഖറിനോട് ചോദിച്ചു. ‘അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാകും, കുറച്ച് കഴിയുമ്പോള്‍ അത് ശരിയാവുകയും ചെയ്യും. പക്ഷെ ചില യൂട്യൂബ് ചാനലുകള്‍ വിജയ്‌യുടെ സ്വകാര്യ ജീവിതം ഉപയോഗിച്ച് പണമുണ്ടാക്കുകയാണ്. അത് സാരമില്ല, എന്റെ മകന്റെ പേരില്‍ അവര്‍ക്ക് കാഴ്ചക്കാരെ കിട്ടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.