പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ ഭാര്യയുടെ കൺമുന്നിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊന്നു ; പിന്നിൽ എസ് ഡി പിഐയെന്ന് ബിജെപി
പാലക്കാട് : മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പത്ത് ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്ത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.