തിരുവനന്തപുരത്ത് മാർച്ച്‌ ഫോർ സയൻസ് സംഘടിപ്പിച്ചു

തിരുവനന്തപുരത്ത് മാർച്ച്‌ ഫോർ സയൻസ് സംഘടിപ്പിച്ചു

August 29, 2022 0 By Editor

വിവിധ ശാസ്ത്ര സംഘടനകളുടെയും, ശാസ്ത്ര പ്രവർത്തകർ അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരുടെയും പങ്കാളിത്തോടെ ഇന്ന് (27-08-2022 ശനിയാഴ്ച) തിരുവനന്തപുരം നഗരത്തിൽ ‘മാർച്ച്‌ ഫോർ സയൻസ്’ നടന്നു.

മ്യൂസിയത്തിനടുത്തുള്ള സത്യൻ സ്മാരക ഹാളിൽ രാവിലെ 10:30 മണിക്ക് ആരംഭിച്ച പരിപാടി മാർച്ച്‌ ഫോർ സയൻസ് തിരുവനന്തപുരം സംഘാടക കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫസർ സി. പി. അരവിന്ദാക്ഷൻ ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ ശശികുമാര്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ‘കാലാവസ്ഥാ വ്യതിയാനവും കേരളവും’ എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എ. ബിജുകുമാറും ‘ശാസ്ത്രീയ ചിന്താഗതി’ എന്ന വിഷയത്തിൽ ഡോ. വൈശാഖൻ തമ്പിയും പ്രഭാഷണം നടത്തി. യോഗത്തില്‍ ശ്രീ ഷാജി ആല്‍ബര്‍ട്ട്, ഡോക്ടര്‍ വി.എസ്. ശ്യാം, ഗോമതി, മേധാ സുരേന്ദ്രനാഥ്, അരുണ്‍ എസ് എന്നിവരും സംസാരിച്ചു.

മാർച്ച്‌ ഫോർ സയൻസ് 12:30 ന് മ്യൂസിയത്തിനടുത്തുനിന്നും ആരംഭിച്ച് പാളയം ആശാൻ സ്‌ക്വയറിൽ അവസാനിച്ചു. മാര്‍ച്ചില്‍ ശാസ്ത്രപ്രവര്‍ത്തകരും അദ്ധ്യാപകരും ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ശാസ്ത്രത്തെ അടിസ്ഥാനമാക്കികൊണ്ട് മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാവുകയുള്ളൂ എന്നതിനാൽ ശാസ്ത്രീയ  തെളിവുകളുടെ  അടിസ്ഥാനത്തിൽ  നയരൂപീകരണം  നടത്തണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  2017ൽ ആരംഭിച്ച  ഗ്ലോബൽ മാർച്ച്‌ ഫോർ സയൻസിന്റെ  ഭാഗമാണ്  ഇന്ത്യ മാർച്ച്‌ ഫോർ സയൻസ്.

മാര്‍ച്ച് ഫോര്‍ സയന്‍സ് മുന്നോട്ട് വയ്ക്കുന്ന ഡിമാന്‍ഡുകള്‍

അശാസ്ത്രീയവും അബദ്ധ ജടിലവുമായ ആശയങ്ങളുടെ പ്രചാരണം അവസാനിപ്പിക്കുക, ഭരണഘടനയുടെ 51എ അനുച്ഛേദത്തിനു അനുസൃതമായി സമൂഹത്തില്‍ ശാസ്ത്രീയ മനോഘടന വളർത്തിയെടുക്കുക

  • കേന്ദ്ര ബജറ്റിന്റെ 10%വും സംസ്ഥാന ബജറ്റുകളുടെ 30% വും വിദ്യാഭ്യാസത്തിനായി നീക്കി വക്കുക

  • ശാസ്ത്ര, സാങ്കേതികവിദ്യ, സാമൂഹ്യശാസ്ത്ര ഗവേഷണത്തിനായി ജി ഡി പി യുടെ 3% ചിലവഴിക്കുക

  • പരിസ്ഥിതിയെ സംരക്ഷിക്കുകയും ആഗോള താപനം തടയുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക. നിക്ഷിപ്ത താത്പര്യങ്ങൾക്കായി രാജ്യത്തിന്റെ പ്രകൃതി സമ്പത്തിനെ നിഷ്ഠൂരമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക.

  • ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നയരൂപീകരണം നടത്തുക.