എകെജി സെന്‍റര്‍ ആക്രമണം; പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എകെജി സെന്‍റര്‍ ആക്രമണം; പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

October 21, 2022 Off By admin

കൊച്ചി: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചിന്‍റേതാണ് വിധി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും യാതൊരു തെളിവുമില്ലാതെയാണ് തന്നെ കേസിൽ കുടുക്കിയതെന്നുമാണ് പ്രതിയുടെ വാദം.

എന്നാൽ പ്രതിക്കെതിരെ സി.സി.ടി.വി ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നും സർക്കാർ അവകാശപ്പെട്ടു. ജൂൺ 30ന് രാത്രിയാണ് എകെജി സെന്‍റർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടകവസ്തു എറിഞ്ഞ് മടങ്ങുന്നത് കണ്ടെങ്കിലും വ്യക്തമല്ലാത്തതിനാൽ ആളെ കണ്ടെത്താനായില്ല.

ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഗൂഢാലോചന, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് നാശനഷ്ടം വരുത്തൽ, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.