പറവൂര്‍ ക്ഷേത്രങ്ങളിലെ കവര്‍ച്ച: പൊള്ളാച്ചിയില്‍ നിന്ന് പ്രതികള്‍ പിടിയില്‍

June 17, 2018 0 By Editor

പറവൂര്‍: വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ് പൊള്ളാച്ചിയില്‍ പിടിയിലായിരിക്കുന്നത്. ഇവരില്‍നിന്ന് തിരുവാഭരണം ഉള്‍പ്പടെയുള്ള മോഷണ മുതലുകളും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം റൂറല്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊള്ളാച്ചിക്കടുത്തുനിന്നു പിടിയിലായ സംഘത്തില്‍ മലയാളികളും തമിഴ്‌നാട്ടുകാരും ഉള്‍പ്പെടുന്നു. ഷാജി. മഹേഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവര്‍ എന്നാണ് സൂചന. ഇവരെ കൊച്ചിയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തു വരികയാണ്. കവര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ടെന്നാണ് സൂചന.

വടക്കന്‍ പറവൂര്‍ കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ജൂണ്‍ 12 രാത്രിയാണ് മോഷണം നടന്നത്. തൃക്കപുരം ക്ഷത്രത്തില്‍നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷ്ടിക്കപ്പെട്ടിരുന്നു. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു.

രണ്ടിടത്തും ക്ഷേത്രവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. ഇരു മോഷണങ്ങളും നടത്തിയത് ഒരേ സംഘം തന്നെയാണെന്ന് പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം പിടിയിലായത്.