ഇരുമ്പ് വാള്‍ നടയില്‍ 'പ്രത്യക്ഷപ്പെട്ടു'; ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കം പിടികൂടി പോലീസ്

തിരുവനന്തപുരം: വിളപ്പില്‍ശാല മുണ്ടുകരിയ്ക്കകം കിഴക്കന്‍മല കരിങ്കാലി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. ക്ഷേത്ര പരിസരത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണും മോഷണം പോയ ഇരുമ്പ് വാളുകളില്‍ ഒന്ന് ക്ഷേത്രനടയില്‍ തിരിച്ചെത്തിയതുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിളപ്പില്‍ കാരോട് തോപ്പില്‍ തെക്കുംകര വീട്ടില്‍ സജികുമാര്‍ (44), വിളപ്പില്‍ പുറ്റുമേല്‍ക്കോണം കുശവൂര്‍ ജോണി ഭവനില്‍ ജോണി (38) എന്നിവരെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ചു കവര്‍ച്ച നടത്തിയത്. നാലു നിലവിളക്കുകള്‍, രണ്ട് ചിലമ്പ്, ഒരു വാള്‍ എന്നിവയാണ് മോഷ്ടിച്ചത്. ബുധനാഴ്ച രാവിലെ സമീപത്തെ റബര്‍ പുരയിടത്തില്‍ ജോലിക്ക് എത്തിയ സ്ത്രീയാണ് ക്ഷേത്രത്തിലെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്.

ക്ഷേത്ര പരിസരത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായതായി പൊലീസ് പറയുന്നു. പ്രതികളില്‍ ഒരാളായ ഓട്ടോ ഡ്രൈവര്‍ ജോണിയുടെ ഫോണ്‍ ആണ് ക്ഷേത്ര മുറ്റത്തു നിന്ന് പൊലീസിന് ലഭിച്ചത്. പിന്നാലെ ബുധനാഴ്ച രാത്രി തന്നെ ജോണിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടു പ്രതിയെ അന്വേഷിക്കുന്നതിനിടെ മോഷണം പോയ ഇരുമ്പ് വാളുകളില്‍ ഒന്ന് കഴിഞ്ഞദിവസം രാവിലെ ക്ഷേത്രനടയില്‍ 'പ്രത്യക്ഷപ്പെടുകയായിരുന്നു'.

ഇത് സജികുമാറാണ് തിരിച്ചു കൊണ്ടു വച്ചതെന്നു മനസ്സിലായതോടെ വൈകീട്ട് ഇയാളെയും പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തില്‍ ഇരുന്ന് ഇരുവരും മദ്യപിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. മോഷ്ടിച്ച സാധനങ്ങളില്‍ വാളുകള്‍ ഒഴികെയുള്ളവ ഇവര്‍ വിറ്റു. ഇതും കണ്ടെത്തിയതായി പൊലീസ് പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story