
മോഡേൺ വസ്ത്രങ്ങൾ ധരിച്ചതിൽ തർക്കം; ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു
December 17, 2022കന്യാകുമാരിക്ക് സമീപം തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശിനി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ വസ്ത്രധാരണ രീതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം.
കഴിഞ്ഞ മൂന്നുമാസമായി ജെബ നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്നുണ്ട്. ഇതിനു ശേഷം ജെബ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയെന്ന് എബനേസർ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്നലെയും തർക്കമുണ്ടായി. അച്ഛന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ച് ഇരുവരും വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വീണ്ടും തർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജെബയെ എബനേസർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.