കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വിവാദത്തിൽ  വിശദീകരണം തേടി ബി.സി.സി.ഐ

കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വിവാദത്തിൽ വിശദീകരണം തേടി ബി.സി.സി.ഐ

January 11, 2023 0 By Editor

തിരുവനന്തപുരം: കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വിവാദത്തിൽ ബി.സി.സി.ഐ വിശദീകരണം തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷനോട് ബി.സി.സി.ഐ വിശദീകരണം തേടിയത്. എന്നാൽ ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്ന് വിവാദത്തിൽ കെ.സി.എ മറുപടി നൽകി.

കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് നിരക്ക് വർധനയെച്ചൊല്ലിയാണ് വിവാദം ഉയർന്നത്. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി.അബ്ദുറഹ്മാൻ ന്യായീകരിച്ചത്. കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബി.സി.സിഐയും കെ.സി.എയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പറഞ്ഞ് മന്ത്രി രംഗത്തെത്തി. വിവാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ല. ഇത് സംബന്ധിച്ചാണ് താൻ പറഞ്ഞത്. സാധാരണക്കാർ കളി കാണേണ്ടെന്നാകും അസോസിയേഷൻ ഉദ്ദേശിക്കുന്നത്. 50 ശതമാനമുള്ള നികുതി കേരളത്തിൽ 12 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.